ട്രാവന്‍കൂര്‍ ഹൗസ് മലയാളം ചാനലിന് വാടകക്ക് കൊടുത്തതിനെതിരെ ധര്‍ണ
ദില്ലി: ദില്ലിയിലെ ട്രാവന്‍കൂര്‍ ഹൗസിന്റെ ഒരു ഭാഗം മലയാളം ചാനലിന് വാടകക്ക് കൊടുക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ കേരളഹൗസിനു മുന്നില്‍ ധര്‍ണ നടത്തി.
കേരള കോണ്‍ഗ്രസ് എം.പി പി.സി.തോമസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ട്രാവന്‍കൂര്‍ ഹൗസ് മലയാളം ചാനലിന് വാടകക്ക് കൊടുത്തതിലൂടെ കേരള സര്‍ക്കാര്‍ എല്ലാ നടപടി ക്രമങ്ങളും തെറ്റിച്ചിരിക്കുകയാണെന്ന് പി.സി.തോമസ് പറഞ്ഞു. അഞ്ഞൂറ് കോടിയുടെ ഇടപാടാണ് നടന്നതെന്ന് തോമസ് ആരോപിച്ചു.
തിരുവിതാംകൂര്‍ മഹാരാജാവിന്റേതായിരുന്ന ട്രാവന്‍കൂര്‍ ഹൗസ് വര്‍ഷങ്ങളോളം കേസ് നടത്തിയതിന് ശേഷമാണ് സര്‍ക്കാരിന്റെ കൈയില്‍ വന്നത്. കേരളത്തിന്റെ സംസ്കാരത്തെയും ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ട്രാവന്‍കൂര്‍ ഹൗസ് സര്‍ക്കാരുകള്‍ ഉപയോഗിച്ചിരുന്നത്. ട്രാവന്‍കൂര്‍ ഹൗസില്‍ ഒരു ആധുനിക കമ്പ്യൂട്ടര്‍ സെന്ററും ലൈബ്രറിയും മറ്റു സംവിധാനങ്ങളും സ്ഥാപിക്കാന്‍ നിയമസഭാ സമിതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
56 മുറികളുള്ള ട്രാവന്‍കൂര്‍ ഹൗസിന്റെ ചി ഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ ചില വ്യക്തികള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. അവര്‍ ബോര്‍ഡുകള്‍ വെച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ സംസ്കാരത്തെയും ടൂറിസത്തെയും പ്രോത്സാഹിപ്പിക്കാന്‍ ട്രാവന്‍കൂര്‍ ഹൗസ് ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തിനെതിരാണ്. മെയ് 31ന് നിസ്സാര വാടകക്ക് മലയാളം ചാനലിന് ട്രാവന്‍കൂര്‍ ഹൗസിന്റെ ഒരു ഭാഗം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. തോമസ് പറഞ്ഞു.
കേരളകോണ്‍ഗ്രസിനു പുറമെ മലയാളി അസോസിയേഷനും ദില്ലി മലയാളി കോണ്‍ഗ്രസും നഴ്സസ് യൂണിയനും മറ്റു സംഘടനകളും ധര്‍ണയില്‍ പങ്കെടുത്തു. സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോയില്ലെങ്കില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് സംഘടനകള്‍ അറിയിച്ചു.












Click it and Unblock the Notifications