കശ്മീരില്‍ അഞ്ചു മരണം, നുഴഞ്ഞു കയറ്റശ്രമം വിഫലമാക്കി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്റെ കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു.
പാക്കിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകടക്കുന്നത് സൈന്യം കണ്ടതിനെത്തുടര്‍ന്ന് നടന്ന പോരാട്ടത്തിനൊടുവില്‍ തീവ്രവാദികള്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചോടി. രജൗരി ജില്ലയിലെ ലാം-പുഖാര്‍നി മേഖലയിലാണ് നുഴഞ്ഞുകയറ്റശ്രമം നടന്നതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
പട്ഗമ്പോഡ-ബാത്പോഡ മേഖലയില്‍ സൈനികര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തില്‍ തീവ്രവാദികള്‍ സ്ഥാപിച്ച മൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് ഒരു പട്ടാളക്കാരന്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കുണ്ട്. അനന്ത്നാഗിലെ ഖാസിഖണ്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ മൈന്‍ പൊട്ടിച്ചെങ്കിലും ആളപായമുണ്ടായില്ല.
അതിര്‍ത്തി ജില്ലയായ കുപ്വാരയിലെ ജുമാഗുണ്ടിലെ സുരക്ഷാസൈനിക പട്രോളിംഗ് കേന്ദ്രം തീവ്രവാദികള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ഒരു പട്ടാളക്കാരന്‍ മരിച്ചു.
കാര്‍ഗിലിലെ വീടുകള്‍ക്കു നേരെ സ്ഫോടനവസ്തുക്കള്‍ വലിച്ചതിനെത്തുടര്‍ന്നാണ് ഒരു പോലീസുകാരന്റെ കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചത്. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്.












Click it and Unblock the Notifications