കേരളത്തില്‍ വീണ്ടും പട്ടിണി മരണം
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടു പട്ടിണിയും ദാരിദ്യ്രവും മൂലം മരണം. അച്ചന്‍കോവിലില്‍ പ്രീയ എസ്റേറ്റില്‍ കഴിഞ്ഞ നാല് മാസത്തിനിടെയാണ് പട്ടിണി മൂലം നാല് പേര്‍ മരിച്ചത്. ഇതിലൊരാള്‍ ദാരിദ്യ്രം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് പട്ടിണി മരണങ്ങള്‍ നിയമസഭയിലും പരാമര്‍ശിക്കപ്പെട്ടിരുന്നു. എന്നാലിത് ഒറ്റപ്പെട്ട സംഭവമായാണ് സര്‍ക്കാര്‍ കണ്ടത്.
പ്രീയ എസ്റേറ്റിലെ തൊഴിലാളികളായിരുന്ന ഷണ്‍മുഖം (40), ശ്രീധരന്‍ (45), മാടത്തി (60) എന്നിവരുടെ മരണം സംസ്ഥാനത്ത് ഈയിടെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പട്ടിണി മരണങ്ങളുടെ ഒരു തുടര്‍ച്ചയാണ്. സോമന്‍കുട്ടി (46) ദാരിദ്യ്രം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു. റിസേര്‍വ് വനത്തിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്റേറ്റിലെ തൊഴിലാളികള്‍ കൊടും ദാരിദ്യ്രത്തിലാണ്.
ലോക്കൗട്ടിലായതിനു ശേഷം ആകെ 12 പേര്‍ ദാരിദ്യ്രം കാരണവും ചികിത്സ കിട്ടാതെയും മരിച്ചു. മൂന്ന് വര്‍ഷം മുന്‍പ് വന്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് എസ്റേറ്റ് ലോക്കൗട്ടായത്. അച്ചന്‍കോവില്‍ ഉള്‍വനങ്ങളില്‍ ഇപ്പോള്‍ നൂറിലധികം കുടുംബങ്ങള്‍ മുഴുപ്പട്ടിണിയിലാണ്.
നേരത്തെ ബോണക്കാട് പട്ടിണിമരണമുണ്ടായപ്പോള്‍ പട്ടിണി പ്രദേശങ്ങളില്‍ സൗജന്യ റേഷനും ആവശ്യമായ ചികിത്സയും അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് റവന്യൂമന്ത്രി കെ.ഇ.ഇസ്മയില്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ജൂണ്‍ 18നായിരുന്നു ഇത്.












Click it and Unblock the Notifications