കല്‍ക്കരി ഇറക്കുമതി കേസില്‍ ജയലളിതക്ക് കുറ്റപത്രം നല്‍കി
ചെന്നൈ: കല്‍ക്കരി ഇറക്കുമതി ഇടപാട് കേസില്‍ ജയലളിതക്കും മറ്റ് ഒമ്പതു പേര്‍ക്കും പ്രത്യേക കോടതി ജഡ്ജി വി.രാധാകൃഷ്ണന്‍ കുറ്റപത്രം നല്‍കി.
നേരത്തെ ജഡ്ജി വി.രാധാകൃഷ്ണന്‍ കല്‍ക്കരി ഇടപാട് കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയിരുന്നു. എന്നാല്‍ പ്രത്യേക കോടതി വിധി മദ്രാസ് ഹൈക്കോടതി ശരിവെച്ചത് ഈ വര്‍ഷം മെയ് ഒമ്പതിന് സുപ്രീം കോടതി റദ്ദാക്കി.
കേസില്‍ വിചാരണ പുനരാരംഭിക്കാനുള്ള സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രത്യേക കോടതി ജയലളിതക്കും മറ്റും കുറ്റപത്രം നല്‍കിയത്.
കോടതിയില്‍ ഹാജരാകാനായി പ്രത്യേക കോടതി ജഡ്ജി ജൂണ്‍ ആറിന് ജയലളിതക്ക് സമന്‍സ് അയച്ചിരുന്നു.
തമിഴ്നാട് വൈദ്യുതി ബോര്‍ഡിനു വേണ്ടി നിലവാരം കുറഞ്ഞ കല്‍ക്കരി ഇറക്കുമതി ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിന് 6.5 കോടിയുടെ നഷ്ടം വരുത്തിവെച്ചെന്നാണ് കേസ്.
മുന്‍മന്ത്രി എസ്. കണ്ണപ്പന്‍, മുന്‍ ചീഫ് സെക്രട്ടറി ടി.വി.വെങ്കിട്ടരാമന്‍, മുന്‍ ടി.എന്‍.ഇബി ചെയര്‍മാന്‍ ഹരിഭാസ്കര്‍, ഐ.എ.എസ്. ഓഫീസര്‍മാരായ എന്‍. നാരായണന്‍, സി. രാമചന്ദ്രന്‍, ഇന്ത്യന്‍ അക്കൗണ്ട്സ് ആന്റ് ഓഡിറ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ എ.ജെ.രാജേന്ദ്രന്‍, തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരായ രാമസ്വാമി, കെ. നാഗരാജന്‍, ബി.ദക്ഷിണാമൂര്‍ത്തി എന്നിവരാണ് കേസില്‍ കുറ്റമാരോപിക്കപ്പെട്ട മറ്റുളളവര്‍.












Click it and Unblock the Notifications