ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും
ടോക്യോ: ജാപ്പനീസ് പ്രധാനമന്ത്രി യോഷിറോ മോറി ഈ വര്‍ഷം ആഗസ്തില്‍ ഇന്ത്യയും പാകിസ്ഥാനും സന്ദര്‍ശിക്കുമെന്ന് ഒരു ദിനപത്രം ജൂലൈ 4 ചൊവാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയും പാകിസ്ഥാനും സന്ദര്‍ശിച്ച് ഇരു രാജ്യങ്ങളും ആണവനിരോധന കരാര്‍ ഒപ്പ് വയ്ക്കണമെന്ന് യോഷിറോ മോറി സമ്മര്‍ദ്ദം ചെലുത്തുമെന്ന് ജാപ്പനീസ് പത്രമായ ഷാന്കേയ് ഷിംബന്‍ സര്‍ക്കാര്‍ വക്താക്കളെ ഉദ്ധരിച്ച് എഴുതി.
ജൂണ്‍ 25 ന് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ചൊവാഴ്ച വീണ്ടും പ്രധാനമന്ത്രിയായി മോറി അവരോധിക്കപ്പെടും. 1998 മേയില്‍ ഇന്ത്യയും പാകിസ്ഥാനും ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് ജപ്പാന്‍ ഇരു രാജ്യങ്ങളുടേയും മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ടോക്യോയിലേക്കുള്ള മടക്കയാത്രില്‍ മോറി ഇന്തോനേഷ്യയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കും. ജുലൈ 21-23 വരെ ജാപ്പനീസ് ദ്വീപായ ഒക്കിനാവയില്‍ വെച്ച് നടക്കുന്ന ജി - എട്ട് രാജ്യങ്ങളുടെ ഉച്ചകോടിയുടെ വിശദാംശങ്ങള്‍ ഈ രാജ്യങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യും.












Click it and Unblock the Notifications