കൂടുതല്‍ പ്ലസ് ടു കോഴ്സുകള്‍ അനുവദിക്കുന്നത് കോടതി തടഞ്ഞു
കൊച്ചി: കേരളത്തില്‍ കൂടുതല്‍ സ്കൂളുകളില്‍ പ്ലസ് ടു കോഴ്സുകള്‍ അനുവദിക്കുന്നത് കേരളഹൈക്കോടതി തടഞ്ഞു. കരിങ്ങാച്ചിറ സെന്റ് ജോര്‍ജ്ജ് യാക്കോബായ സിറിയന്‍ സഭാ മാനേജര്‍ നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റിസ് എ.വി. സാവന്തും ജസ്റിസ് കെ.എസ്. രാധാകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്.
എയ്ഡഡ് മേഖലയില്‍ പ്ലസ് ടു അനുവദിച്ചതിലെ ക്രമക്കേടുകളെക്കുറിച്ചും അണ്‍ എയ്ഡഡ് മേഖലയെ പ്ലസ് ടുവില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും സമര്‍പ്പിച്ച ഒട്ടേറെ ഹരജികളില്‍ കോടതി വാദം കേട്ടു വരികയാണ്. ഇപ്പോള്‍ അണ്‍ എയ്ഡഡ് വിഭാഗത്തിലുള്ള ഹരജികളിലെ വാദമാണ് കോടതി കേട്ടുകൊണ്ടിരിക്കുന്നത്.
പ്ലസ് ടു അനുവദിക്കുന്നതിനനുയോജ്യമായ നിയമനിര്‍മ്മാണം നടത്താത്തതിന് ഹൈക്കോടതി കേരള സര്‍ക്കാരിനെ വിമര്‍ശിച്ചു. പ്ലസ് ടു കോഴ്സുകള്‍ കേരള വിദ്യഭ്യാസ നിയമത്തിന്റെ ചട്ടങ്ങളുടെയോ പരിധിയില്‍ വരില്ലെന്ന അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്‍ കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ അഭിപ്രായപ്രകടനം.
ജോസഫിനെ മാറ്റില്ലെന്ന് നായനാര്‍
അതിനിടെ വിദ്യഭ്യാസമന്ത്രി പി.ജെ. ജോസഫിനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്ത് പ്ലസ് ടു ക്രമക്കേടുകള്‍ അന്വേഷിക്കണെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി ഇ.കെ. നായനാര്‍ നിരാകരിച്ചു. കോട്ടയത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞടുപ്പു മുന്നില്‍ക്കണ്ട് യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ യു.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ അഭ്യാസമാണ് പ്ലസ് ടുവിനെതിരായ പ്രക്ഷോഭമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ക്ക് വ്യക്തമായി അറിയാം.
മുന്‍കാലങ്ങളില്‍ അഴിമതി നടത്തിയിട്ടുള്ള കെ. കരുണാകരന്‍, ടി.എം. ജേക്കബ്, ആര്‍. ബാലകൃഷ്ണപ്പിള്ള, സി.വി. പത്മരാജന്‍ എന്നിവര്‍ക്ക് പ്ലസ് ടു കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്നും നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications