ശ്രീലങ്ക: കോടതിയില്‍ ബോംബ് സ്ഫോടനം, ഒരാള്‍ മരിച്ചു
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനം കൊളംബോയ്ക്കു സമീപമുള്ള ഗംഗാദോവിലയിലെ മജിസ്ട്രേറ്റ് കോടതിയില്‍ നടന്ന ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മജിസ്ട്രേറ്റ് സുരക്ഷിതനാണ്. കോടതിയില്‍ വിചാരണക്കെത്തിയ ജയില്‍പ്പുള്ളികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. അധോലോകസംഘങ്ങളുടെ ശത്രുതയാണ് ബോംബ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
വിചാരണക്കായി കൊണ്ടുവന്നിരുന്ന കുറെ ജയില്‍പ്പുള്ളികള്‍ സ്ഫോടനത്തെത്തുടര്‍ന്ന് രക്ഷപ്പെട്ടു. പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എല്‍.ടി.ടി.ഇ തങ്ങളുടെ ചാവേര്‍പ്പട രൂപീകരിച്ചതിന്റെ 13-ാം വാര്‍ഷികം ആഘോഷിക്കുന്നതിനെത്തുടര്‍ന്ന് ശ്രീലങ്കയില്‍ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ആദ്യറിപ്പോര്‍ട്ടുകളൊന്നും സ്ഫോടനത്തില്‍ എല്‍.ടി.ടി.ഇക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്നില്ല.
അതേസമയം വാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രീയനേതാക്കളെ വധിക്കാന്‍ എല്‍.ടി.ടി.ഇ ആത്മഹത്യാ സ്ക്വാഡിലെ 25-ഓളം അംഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചേക്കേറിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മാസം ഒരു മന്ത്രിയെ ആത്മഹത്യാസ്ക്വാഡിലെ ഒരംഗം കൊലപ്പെടുത്തിയതിനുശേഷം രാഷ്ട്രീയ നേതാക്കള്‍ക്കുള്ള സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications