എയര്‍ ഫ്രാന്‍സിന് എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം
ചെന്നൈ: എയര്‍ ഫ്രാന്‍സിന് എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുണ്ട് എന്ന് എയര്‍ ഫ്രാന്‍സിന്റെ ഗെറാര്‍ഡ് പീറ്റിറ്റ് അറിയിച്ചു. എയര്‍ ഇന്ത്യയുടെ 26 ശതമാനം ഓഹരികള്‍ വരെ സ്വകാര്യ മേഖലയ്ക്ക് കൈമാറും എന്ന ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണിത്. എയര്‍ ഫ്രാന്‍സിന്റെ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളുടെ ജനറല്‍ മാനേജറാണ് ഗെറാര്‍ഡ് പീറ്റിറ്റ്.
ഡെല്‍റ്റാ എയര്‍ലൈന്‍സ്, കൊറിയന്‍ എയര്‍, എയ്റോ മെക്സിക്കോ എന്നീ കമ്പനികളുമായി ചേര്‍ന്നുള്ള എയര്‍ ഫ്രാന്‍സിന്റെ ആഗോള കൂട്ടുകെട്ടായ സ്കൈ ടീമിന്റെ അവതരണവേളയിലാണ് അദ്ദേഹം ഇത് അറിയിച്ചത്. ഇന്ത്യാ സര്‍ക്കാര്‍ എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുന്നതിന് കാത്തിരിക്കുകയാണ് എന്നും ഗെറാര്‍ഡ് പറഞ്ഞു.
യൂറോപ്പിലേക്കുള്ള ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള പ്രവേശന കവാടമാണ് എയര്‍ഫ്രാന്‍സ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 17 മുതല്‍ എയര്‍ ഫ്രാന്‍സ് മുംബൈയില്‍ നിന്ന് പാരീസിലേക്ക് ആഴ്ചയില്‍ ആറ് സര്‍വീസ് ആരംഭിക്കും. ഇപ്പോള്‍ ആഴ്ചയില്‍ അഞ്ച് സര്‍വീസാണ് ഉള്ളത്.












Click it and Unblock the Notifications