പ്ലസ് ടു: കോടതിവിധി മാനിക്കുമെന്ന് നായനാര്‍
തിരുവനന്തപുരം: പ്ലസ് ടു സംബന്ധിച്ച കോടതിവിധി മാനിക്കുമെന്നും ഈ അധ്യയനവര്‍ഷത്തെ പ്ലസ് ടു കോഴ്സുകള്‍ ആഗസ്ത് ഒന്നിനു മുമ്പായി ആരംഭിക്കാന്‍ ശ്രമിക്കുമെന്നും കേരള മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞു.
ഈ വര്‍ഷം 360-ഓളം സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ചത് റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ ഏഴ് വെള്ളിയാഴ്ചയാണ് ഈ വര്‍ഷം അനുവദിച്ച പ്ലസ് ടു കോഴ്സുകള്‍ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതി ഉത്തരവ് മാനിക്കുമെന്ന് മുഖ്യമന്ത്രി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ടെങ്കിലും പ്ലസ് ടു സ്കൂളുകള്‍ തിരഞ്ഞെടുക്കുന്നതില്‍ കോടതി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രസ്താവന ഒന്നും പറയുന്നില്ല.
കോടതിവിധി സര്‍ക്കാര്‍ നിലപാട് ശരിവെച്ചുവെന്ന് ജോസഫ്
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കുകയാണ് കോടതി ഉത്തരവെന്ന് വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുന്നതില്‍ ഗുഢോദ്ദേശ്യങ്ങളോ രാഷ്ട്രീയ പരിഗണനകളോ പുറത്തുനിന്നുള്ള മറ്റു സ്വാധീനങ്ങളോ ഇല്ലായിരുന്നുവെന്ന സര്‍ക്കാര്‍ നിലപാട് സാധൂകരിക്കുന്നതാണ് കോടതി ഉത്തരവെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമാണ് പ്ലസ് ടു പട്ടിക റദ്ദാക്കിയിട്ടുള്ളത്. 1997-98-ല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കളക്ടര്‍, ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് പ്ലസ് ടു കോഴ്സുകള്‍ അനുവദിച്ചിരുന്നത്. ഈ വര്‍ഷവും ആ നടപടിക്രമം പാലിക്കണമെന്നു മാത്രമേ കോടതി പറഞ്ഞിട്ടുള്ളൂ. ക്ലാസുകള്‍ പെട്ടെന്നുതന്നെ തുടങ്ങാന്‍ പാകത്തില്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ജോസഫ് പറഞ്ഞു.












Click it and Unblock the Notifications