തീരദേശത്തെ പട്ടിണി മാറ്റാനായി പുതിയ പദ്ധതി
തിരുവനന്തപുരം: സ്ത്രീകളുടെ പങ്കാളിത്തത്തോടെ തീരദേശമേഖലയിലെ ദാരിദ്യ്രം ഇല്ലാതാക്കാന്‍ കേരള സര്‍ക്കാര്‍ ഒരു തീരദേശ പട്ടിണിമാറ്റ പദ്ധതിക്ക് രൂപം നല്‍കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി ടി.കെ. രാമകൃഷ്ണന്‍ പറഞ്ഞു. 2.60 കോടി രൂപ വകയിരുത്തിയിരിക്കുന്ന പദ്ധതിയുടെ എല്ലാ ലക്ഷ്യങ്ങളും സ്ത്രീകളെ ഉന്നം വെച്ചുകൊണ്ടാണ്.
സ്വയംതൊഴില്‍ സംരംഭങ്ങള്‍ ഏറ്റെടുത്തുനടത്താന്‍ സ്ത്രീകളെ പ്രാപ്തരാക്കുക, ബാങ്കുകളില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കുക, സ്ത്രീകളില്‍ സമ്പാദ്യശീലം വളര്‍ത്തുക, ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് ഇവരെ മോചിതരാക്കുക, ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, വിപണനത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്ത് കരട് പദ്ധതിക്ക് രൂപം നല്‍കാന്‍ തീരദേശപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും പ്രസിഡണ്ടുമാരുടെ യോഗത്തിനുശേഷമാണ് പദ്ധതിക്ക് അവസാനരൂപമായത്. എല്ലാ തീരദേശജില്ലകളിലും പദ്ധി നടപ്പിലാക്കാനാണ് തീരുമാനം.
62 പഞ്ചായത്തുകളിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുക. ഉണക്കമത്സ്യ നിര്‍മ്മാണ യൂണിറ്റുകള്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം, കക്കയിറച്ചി സംസ്കരണ കേന്ദ്രം, തഴപ്പായ നെയ്ത്ത് സംരംഭങ്ങള്‍, റെഡിമെയ്ഡ് വസ്ത്രശാല, ഡി.ടി.പി. സെന്റര്‍, കേറ്ററിംഗ് യൂണിറ്റ്, മത്സ്യവിത്തുല്പാദനകേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തിന്റെ ഭാഗമായി പരിഗണനയിലുള്ള ചെറുകിടസംരംഭങ്ങള്‍.
ബാലകൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു ലഭിച്ചാല്‍ ട്രോളിംഗ് നിരോധനം സംബന്ധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത ബുധനാഴ്ചയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.












Click it and Unblock the Notifications