കശ്മീരിന് സ്വയം ഭരണാധികാരം നല്‍കാമായിരുന്നുവെന്ന് ജസ്റിസ് സര്‍ക്കാരിയ
ദില്ലി: ജമ്മു കശ്മീരിന് ഭരണഘടനക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ സ്വയംഭരണാധികാരം നല്‍കാമായിരുന്നുവെന്ന് ജസ്റിസ് ആര്‍.എസ്. സര്‍ക്കാരിയ. കേന്ദ്ര-സംസ്ഥാനബന്ധങ്ങളെ സംബന്ധിച്ച സര്‍ക്കാരിയ കമ്മീഷന് നേതൃത്വം നല്‍കിയ ജസ്റിസ് സര്‍ക്കാരിയ ഫെഡറേഷന്റെ ആന്തരികാര്‍ത്ഥം ഉള്‍ക്കൊള്ളാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.
കശ്മീര്‍ പ്രശ്നത്തിന് പരിഹാരം നമ്മുടെ ഭരണഘടനയില്‍ത്തന്നെയുണ്ട്. ഭരണഘടനാ ഭേദഗതി ഇല്ലാതെ തന്നെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ ഇപ്പോഴത്തെ ഭരണഘടന കേന്ദ്രത്തെ അനുവദിക്കുന്നുണ്ട്. ഇത് ജമ്മു കശ്മീരിനു മാത്രമല്ല, ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിനും അനുവദനീയമാണ്, സ്റാര്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റിസ് സര്‍ക്കാരിയ ചൂണ്ടിക്കാട്ടി.
രാജ്യസുരക്ഷ, പ്രതിരോധം, വിദേശകാര്യം എന്നീ പ്രധാനമേഖലകളൊഴിച്ച് സംസ്ഥാനങ്ങള്‍ക്ക് പ്രായോഗികാര്‍ത്ഥത്തിലെങ്കിലും സമ്പൂര്‍ണാധികാരം നല്‍കാവുന്നതാണ്. അതോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. ആര്‍ട്ടിക്ക്ള്‍ 370-ഉം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭജനവാദങ്ങളും അതോടെ നിലയ്ക്കും, അദ്ദേഹം വ്യക്തമാക്കി.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 370 എടുത്തുമാറ്റണമെന്ന ആര്‍.എസ്.എസ്-ബി.ജെ.പി. സഖ്യത്തിന്റെ വാദത്തെയും ജസ്റിസ് സര്‍ക്കാരിയ വിമര്‍ശിച്ചു. അങ്ങനെ ചെയ്താല്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയും പാക്കിസ്ഥാന് പ്രചരണായുധമാവുകയും മാത്രമേ ചെയ്യൂവെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഈ ആര്‍ട്ടിക്കിളിന്റെ പിന്‍ബലത്തില്‍ ജമ്മു കശ്മീരിന് ഇപ്പോള്‍ ഒരധികാരവും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ആദ്യകാലങ്ങളില്‍ വിമര്‍ശിക്കുകയും തള്ളിപ്പറയുകയും ചെയ്തവര്‍ പ്രശ്നപരിഹാരത്തിനായി ഇപ്പോള്‍ അതിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ അദ്ദേഹം അത്ഭുതം രേഖപ്പെടുത്തി.
സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 356 രാഷ്ട്രീയപാര്‍ട്ടികള്‍ ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications