ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം ഒറ്റപ്പെട്ടതല്ലെന്ന് ആര്‍ച്ച് ബിഷപ്പ്
തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന ദേശീയ ന്യൂനപക്ഷകമ്മീഷന്റെ വിലയിരുത്തലിനെ കത്തോലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് (സി.ബി.സി.ഐ) പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയസ് വിമര്‍ശിച്ചു.
അടുത്തിടെ നടന്ന ആക്രമണങ്ങള്‍ കരുതിക്കൂട്ടിയുള്ളതാണെന്ന കാഴ്ചപ്പാടാണ് സി.ബി.സി.ഐക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ആക്രമണങ്ങളിലും കാണുന്ന പൊതുവായ ഒരു ശക്തിയുടെ സ്വാധീനം അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ കമ്മീഷന്‍ അംഗം ജോണ്‍ജോസഫിനെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.
ഉത്തര്‍പ്രദേശിലും ഹരിയാനയിലും ക്രൈസ്തവര്‍ക്കു നേരെ നടന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സ്വഭാവമുള്ളവയാണെന്ന് ജോണ്‍ജോസഫ് മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷ കമ്മീഷന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചാണ് ഈ വിലയിരുത്തലിലെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ജോണ്‍ജോസഫ് സമ്മതിച്ചു. എന്നാല്‍ അവയെല്ലാം ആസൂത്രണം ചെയ്ത് കരുതിക്കൂട്ടി നടത്തുന്നതാണെന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ തെറ്റാണെങ്കില്‍ കമ്മീഷനില്‍ നിന്ന് രാജിവെക്കാനും താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളുടെ വെളിച്ചത്തില്‍ 23 ആവശ്യങ്ങളടങ്ങിയ ഒരു ചാര്‍ട്ടര്‍ പ്രധാനമന്ത്രി വാജ്പേയിക്ക് നല്‍കിയിട്ടുണ്ടെന്ന് ജോസഫ് വ്യക്തമാക്കി. ഇതില്‍ മിക്കതും നടപ്പില്‍ വരുത്താന്‍ പ്രധാനമന്ത്രി സമ്മതിച്ചിട്ടുണ്ട്. പ്രശ്നത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഉടന്‍ തന്നെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുകൂട്ടും.
അതേസമയം ക്രൈസ്തവസഭാധ്യക്ഷന്മാരും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും തമ്മില്‍ സംഭാഷണം നടത്താന്‍ കമ്മീഷന്‍ നടത്തുന്ന ശ്രമങ്ങളെ തുരങ്കം വെക്കാന്‍ ഹിന്ദുമതത്തിലെയും ക്രൈസ്തവമതത്തിലെയും ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ജോസഫ് ആരോപിച്ചു. കേരളത്തിലെ ചില ക്രൈസ്തവ മൗലികവാദികള്‍, ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ആയുധം ഉപയോഗിച് നേരിടാന്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ ആരോപണത്തെക്കുറിച്ച് എന്തെങ്കിലും മറുപടി പറയാന്‍ ആര്‍ച്ച് ബിഷപ്പ് വിസമ്മതിച്ചു. ക്രൈസ്തവസഭാധ്യക്ഷന്മാരും വിശ്വഹിന്ദുപരിഷത്ത് നേതാക്കളും തമ്മിലുള്ള സംഭാഷണത്തിന്് വഴിയൊരുക്കാന്‍ കമ്മീഷന്‍ നടത്തുന്ന ശ്രമങ്ങളെ ആര്‍ച്ച് ബിഷപ്പ് പ്രശംസിച്ചു. മറ്റു ക്രിസ്ത്യന്‍ സഭകളുടെ മേധാവികളുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സംഭാഷണം കുറച്ചു ദിവസത്തേക്കുകൂടി നീട്ടിവെക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications