പ്ലസ് ടു സമരം പിന്‍വലിക്കില്ലെന്ന് കെ.പി.സി.സി
തിരുവനന്തപുരം: പ്ലസ് ടു പ്രശ്നത്തിന്റെ പേരില്‍ പ്രതിപക്ഷം നടത്തിവരുന്ന പ്രക്ഷോഭവും മറ്റു സമരപരിപാടികളും നിര്‍ത്തിവെക്കണമെന്ന കേരള മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അഭ്യര്‍ത്ഥന കെ.പി.സി.സി നിരാകരിച്ചു.
പുതുതായി അനുവദിച്ച പ്ലസ് ടു 360-ഓളം സ്കൂളകളുടെ പട്ടിക കേരള ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് സമരപരിപാടികള്‍ നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. പ്ലസ് ടു പ്രശ്നത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും ഗുഢോദ്ദേശ്യങ്ങളോ രാഷ്ട്രീയ പരിഗണനകളോ ഉള്ളതായി കോടതിവിധി പറയുന്നില്ലെന്നും നായനാര്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ട നായനാര്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അനുവദിക്കുന്നതുവരെ സമരം തുടരുമെന്നും കെ.പി.സി.സി പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കി. മുഖ്യമന്ത്രി നായനാര്‍ രാജിവെക്കാന്‍ തയ്യാറല്ലെങ്കിലും വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫിനെ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏതെങ്കിലും മന്ത്രിയുടെ പേരില്‍ കോടതിയില്‍ കേസ് വന്നാല്‍ അദ്ദേഹം രാജിവെക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. എന്നാല്‍ ഇവിടെ ഒരു മന്ത്രിക്കെതിരെത്തന്നെ കോടതിവിധി വന്നിട്ടും അദ്ദേഹം സ്ഥാനത്തു തുടരുകയാണ്. അങ്ങനെയുള്ള ഒരു മന്ത്രിയുടെ കീഴില്‍ തയ്യാറാക്കുന്ന രണ്ടാമത്തെ പട്ടികയുടെ വിശ്വാസ്യതയെയും അദ്ദേഹം ചോദ്യം ചെയ്തു.












Click it and Unblock the Notifications