ഹൈകോടതി വിധി സര്‍ക്കാരിനെ കുറ്റപ്പെടുത്തലല്ലെന്ന് നായനാര്‍
തിരുവനന്തപുരം: പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിനെ കുറിച്ചുള്ള ഹൈകോടതി വിധി സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തലല്ലെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
പ്ലസ് ടു സ്കൂളുകളുടെ ലിസ്റ്റ് ഹൈകോടതി റദ്ദാക്കിയിട്ടില്ല. ലിസ്റ്റ് പുന:പരിശോധിക്കാന്‍ മാത്രമാണ് ഹൈകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നായനാര്‍ പറഞ്ഞു.
മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിവിധിയുടെ വെളിച്ചത്തില്‍ പ്ലസ് ടു പ്രശ്നത്തെ കുറിച്ച് ജൂലൈ 14നു ചേരുന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതി വിശദമായി ചര്‍ച്ച ചെയ്യും.
കോടതി നിര്‍ദേശമനുസരിച്ച് പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുന്നതിനായി ലഭിച്ചിട്ടുള്ള 1429 അപേക്ഷകള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 22നു മുമ്പായി സമിതി പരിശോധന പൂര്‍ത്തിയാക്കും. തുടര്‍ന്ന് പുതിയ ലിസ്റ്റ് പ്രഖ്യാപിക്കും. ആഗസ്ത് ആദ്യവാരത്തില്‍ തന്നെ പ്ലസ് ടു ക്ലാസുകള്‍ തുടങ്ങാനാവും.
പ്ലസ് ടു ലിസ്റ്റ് ഹൈകോടതി റദ്ദാക്കിയെന്ന് പറയുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പി.ജെ.ജോസഫും പറഞ്ഞു. പ്രീഡിഗ്രി ഒരു വര്‍ഷം കൂടി തുടരണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളികളഞ്ഞത് ജോസഫ് ചൂണ്ടികാട്ടി.












Click it and Unblock the Notifications