നൂതന തൊഴിലാളി ബാങ്ക് വിജയപാതയില്‍
തിരുവനന്തപുരം: മറ്റു ബാങ്കുകളില്‍ നിന്ന് വിഭിന്നമായി കര്‍ഷകന് തൊഴിലാളികളുടെ സേവനം വായ്പയായി നല്‍കുന്ന ഒരു നൂതന ബാങ്ക് ഇതാ. വിളവെടുപ്പ് സമയത്ത് വേതനം പലിശയോടുകൂടി തിരികെ അടച്ചാല്‍ മതിയാകും. തിരുവനന്തപുരത്ത് നിന്ന് 25 കിലോ മീറ്റര്‍ അകലെ കുന്നത്തുകാല്‍ പഞ്ചായത്തിലാണ് ബാങ്ക്.
475 തൊഴിലാളികളാണ് ബാങ്കിന്റെ മൂലധനം. ഇതില്‍ 125 പേര്‍ സ്ത്രീകളാണ്. മേസ്തരിമാരും ആശാരിമാരും ദിവസക്കൂലിക്കാരും ഒക്കെയാണിവര്‍. 1997 നവംബറിലാണ് കുന്നത്തുകാല്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരും ഇവിടുത്തെ കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ കെ ജി ഗിരീഷ് കുമാറും ചേര്‍ന്നാണ് ഇതിന് തുടക്കമിട്ടത്. 125 ഓളം തൊഴിലാളികള്‍ ചേര്‍ന്ന് ഒരു ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കുകയായിരുന്നു.
ദിവസം 80 രൂപാ എന്ന നിരക്കില്‍ മാസം കുറഞ്ഞത് 20 ദിവസമെങ്കിലും തൊഴിലാളിക്ക് പണിയുണ്ടാകും എന്ന് പഞ്ചായത്തും ബാങ്കും തമ്മില്‍ കരാറുണ്ടാക്കി. കര്‍ഷകര്‍ക്കും ഇത് അനുഗ്രഹമായി. ഇതോടെ തൊഴിലാളി ദൗര്‍ലഭ്യവും ഇല്ലാതായി.
നെല്‍കൃഷിക്കും മറ്റും കര്‍ഷകന് ബാങ്കിലെ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്താം. വിളവെടുപ്പ് സമയത്ത് തൊഴിലാളികളുടെ വേതനം 12.5 ശതമാനം പലിശയോടെ ബാങ്കിലടയ്ക്കണം.
ഇതിനിടെ ബാങ്ക് തന്നെ കൃഷിയില്ലാത്ത ഭൂമി പാട്ടത്തിന് എടുക്കുകയും കൃഷി ചെയ്യാനും തുടങ്ങി. നെല്ല് കൃഷിയില്‍ നിന്നുള്ള വരുമാനത്തിന്റെ 50 ശതമാനവും മരച്ചീനി (കപ്പ) , വാഴ എന്നിവയില്‍ നിന്നുള്ള വരുമാനത്തിന്റെ 25 ശതമാനവും ഭൂവുടമയ്ക്ക് കൊടുക്കുകയും ചെയ്തു.
1997 ല്‍ തുടങ്ങിയ ജനകീയാസൂത്രണ പരിപാടിയാണ് ഈ പദ്ധതിയുടെ വിജയത്തിന് കാരണം എന്ന് പഞ്ചായത്ത് പ്രസിഡന്റ് അവകാശപ്പെട്ടു. തൊഴിലാളികളുടെ ശമ്പളം മാസാദ്യം കൊടുക്കും. ബാങ്ക് നടത്തുന്ന കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാവുന്ന കൂപ്പണുകളും തൊഴിലാളികള്‍ക്ക് കൊടുക്കുന്നു.












Click it and Unblock the Notifications