കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാസംവിധാനത്തില്‍ പാളിച്ച
കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനത്തില്‍ പഴുതുകള്‍ ഉള്ളതായി ഡമ്മി പരിശോധനയില്‍ കണ്ടെത്തി. ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയിലെ (ബി.സി.എ.എസ്) ഉന്നതോദ്യോഗസ്ഥാനാണ് ശനിയാഴ്ച്ച ഉച്ചയ്ക്ക് വിമാനത്താവളത്തില്‍ ആരെയും അറിയിക്കാതെ പരിശോധന നടത്തിയത്.
പാളിച്ചകള്‍ വെളിച്ചതിലായതിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനത്തിലെ സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന് മെമ്മോ നല്‍കി.
ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹി വിമാനം പുറപ്പെടുന്നതിനു മുമ്പ് തൊട്ടുമുമ്പായിരുന്നു പരിശോധന. യാത്രക്കാര്‍ക്കൊപ്പം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച കഠാരയുമായി ബി.സി.എ.എസിലെ ഉന്നതോദ്യോഗസ്ഥനായ മോഹന്‍ ആഭ്യന്തര ടെര്‍മിനലിലൂടെ അനായാസം കടന്നുപോയി. ടെര്‍മിനലിനു പുറത്ത് കടന്നശേഷം തിരികെ വന്ന ഉദ്യോഗസ്ഥന്‍ എക്സ് റേ പരിശോധനയുടെ ചുമതലയുള്ള സബ് ഇന്‍സ്പെക്ടറോട് എക്സ് റേ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എക്സ് റേ യന്ത്രം പ്രവര്‍ത്തിപ്പിച്ച് സ്യൂട്ട് കേസ് പരിശോധിച്ചപ്പോള്‍ കഠാര കണ്ടെത്തി. എക്സ് റേ അടക്കമുള്ള പരിശോധനകള്‍ക്ക് വിമാനത്താവളത്തില്‍ വേണ്ടത്ര ഗൗരവം കല്പിക്കുന്നില്ലെന്നും ഗുരുതരമായ സുരക്ഷാവീഴ്ച്ചയാണിതെന്നും ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കി.
പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ചെന്നൈ സന്ദര്‍ശനത്തിന് മുന്നോടിയായി ചെന്നൈ വിമാനത്താവളത്തില്‍ ജൂണ്‍ മൂന്നിന് നടത്തിയ പരിശോധനകളിലും സുരക്ഷാസംവിധാനത്തിലെ പാളിച്ചകള്‍ പുറത്തായിരുന്നു.
നെടുമ്പാശേരി വഴി ആഴ്ച്ച തോറും എല്‍.ടി.ടി.ഇ ഏജന്റുമാര്‍ വിദേശത്തേക്ക് കടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ രണ്ട് ഐഎസ്ഐ ഏജന്റുമാര്‍ നെടുമ്പാശേരിയില്‍ വന്നിറങ്ങിയതായി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് വിമാനത്താവള അധികൃതര്‍ നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച്ച ബി.സി.എ.എസ് ഉദ്യോഗസ്ഥന്‍ പരിശോധന നടത്തിയത്.












Click it and Unblock the Notifications