മൂന്ന് ശിവസേനാ മന്ത്രിമാര്‍ രാജിവെച്ചു; പ്രധാനമന്ത്രി രാജി സ്വീകരിച്ചില്ല
ദില്ലി: കേന്ദ്രമന്ത്രിസഭയിലെ മൂന്ന് ശിവസേനാ മന്ത്രിമാര്‍ പ്രധാനമന്ത്രി വാജ്പേയിക്ക് രാജി സമര്‍പ്പിച്ചു. ശിവസേനാ നേതാവ് ബാല്‍ താക്കറെയെ അറസ്റ് ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രധാനമന്ത്രി രാജി സ്വീകരിച്ചില്ല.
രാസ-വളം മന്ത്രി സുരേഷ് പ്രഭു, വന്‍വ്യവസായ മന്ത്രി മനോഹര്‍ ജോഷി, ധനകാര്യ സഹമന്ത്രി ബാലാസാഹേബ് വിക്കേ പാട്ടില്‍ എന്നിവരാണ് രാജി നല്‍കിയത്. സുരേഷ്പ്രഭുവാണ് ആദ്യം രാജികത്ത് സമര്‍പ്പിച്ചത്.
മഹാരാഷ്ട്ര സര്‍ക്കാരിനെ പിരിച്ചുവിടാനായി ശിവസേനാ മന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. മറ്റ് കാബിനറ്റ് മന്ത്രിമാരുമായി പല വട്ടം ചര്‍ച്ച നടത്തിയതിനു ശേഷമാണ് മൂന്ന് മന്ത്രിമാരും രാജിവെച്ചത്. ബാല്‍ താക്കറെയ്ക്കും കുടുംബത്തിനും മതിയായ സുരക്ഷ നല്‍കിയിട്ടില്ലെന്ന് മന്ത്രിമാര്‍ രാജികത്തുകളില്‍ പരാതിപ്പെട്ടു.
പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെ കുറിച്ചുള്ള മന്ത്രിസഭായോഗത്തിനു ശേഷം മനോഹര്‍ ജോഷി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് രാജികത്ത് നല്‍കുകയായിരുന്നു. സുരേഷ് പ്രഭുവും ബാലാസാഹേബ് വിക്കേ പാട്ടിലും ദൂതന്മാര്‍ വഴി രാജികത്ത് പ്രധാനമന്ത്രിക്കെത്തിച്ചു.
മുംബൈയില്‍ വംശീയകലാപം നടന്ന വേളയില്‍ മതവികാരം ഉണര്‍ത്തും വിധം പ്രകോപനപരമായി എഴുതിയതിനാണ് താക്കറെയെ അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ചൊവാഴ്ച്ച മുംബൈ പോലീസിന് അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ തീരുമാനം ശിവസേനാ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകായണ്.












Click it and Unblock the Notifications