വെളിച്ചെണ്ണ വിലയിടിവിന് കാരണം കേന്ദ്രനയമെന്ന് മന്ത്രി
തിരുവനന്തപുരം: വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയിടിവിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയങ്ങളാണെന്ന് കൃഷിമന്ത്രി കൃഷ്ണന്‍ കണിയാംപറമ്പില്‍ പറഞ്ഞു.
വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയിടിവ് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും തന്നെ ചെയ്യാനാവില്ല. ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി നികുതി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാരാണ് വിലയിടിവ് നിയന്ത്രിക്കേണ്ടത്.
ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി നികുതി 35 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കണം. തേങ്ങയുടെയും അതുകൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങളുടെയും വിലയിടിവ് നിയന്ത്രിക്കാന്‍ അതാണ് ഫലപ്രദമായ മാര്‍ഗം.
പാമോയിലിന് പകരം വെളിച്ചെണ്ണ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നടത്തും. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 50 ശതമാനം തേങ്ങയെങ്കിലും കൊപ്രയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനമൊരുക്കും.
നാഫെഡ് കൊപ്ര സംഭരിക്കുന്നത് നിര്‍ത്തലാക്കിയത് പത്രവാര്‍ത്തകളിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞത്. ഇക്കാര്യത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്നത് കൊപ്ര സംഭരിക്കാനുള്ള സംവിധാനം ഒരുക്കുക മാത്രമാണെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications