കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജിനി ഹരിദാസ് മിസ് കേരള

  • By Staff
Google Oneindia Malayalam News

കൊച്ചി: മിസ് കേരള സൗന്ദര്യമത്സരത്തില്‍ രഞ്ജിനി ഹരിദാസിന് കിരീടം. ശ്വേത ഗണേഷ് കുമാറാണ് റണ്ണര്‍ അപ്പ്. ആര്‍ത്തിക എസ്. നാഥ് മൂന്നാം സ്ഥാനം നേടി.

വാശിയേറിയ അവസാന പാദ മത്സരത്തില്‍ നാല് റൗണ്ടുകളിലായി 20 പേരെ പിന്തള്ളിയാണ് രഞ്ജിനി സൗന്ദര്യറാണിയായത്. എറണാകുളം രവിപുരം കോവിലകത്തുംവീട്ടില്‍ പരേതനായ ഹരിദാസിന്റെയും സുജാതയുടെ മകളാണ്. ചോയ്സ് സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കി ബിരുദപഠനത്തിലേക്ക് തിരിയുമ്പോഴാണ് രഞ്ജിനിയുടെ ഈ നേട്ടം.

എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് റണ്ണര്‍ അപ്പ് പട്ടം കരസ്ഥമാക്കിയ ശ്വേത. കോഴിക്കോട് എ.ടി.സി. ജനറല്‍ മാനേജര്‍ ഗണേഷ് കുമാറിന്റെയും ചിത്രയുടെയും മകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ശശീന്ദ്രനാഥിന്റെ മകളാണ് മൂന്നാം സ്ഥാനം നേടിയ ആര്‍ത്തിക. അമ്മ വിനി.

മലയാളി വനിത ലോകത്തെങ്ങുമുള്ള വനിതകളുടെ ജീവിതത്തിനും ഭാവിക്കുമായി നല്‍കുന്ന സംഭാവനയെന്തെന്ന ചോദ്യമാണ് അവസാനറൗണ്ടില്‍ സൗന്ദര്യമത്സരത്തിലെ റാണിമാരെ നിര്‍ണയിച്ചത്. ആചാരമര്യാദകളും പാരമ്പര്യവും പുലര്‍ത്തുന്നവള്‍, ആധുനികതയുടെ പാരമ്പര്യത്തിന്റെയും ഒത്തൊരുമ എന്ന് കേരളസ്ത്രീക്ക് നല്‍കിയ നിര്‍വചനമാണ് രഞ്ജിനിക്ക് മുന്‍തൂക്കം നല്‍കിയത്.

അഞ്ച് മണിക്കൂര്‍ കൊണ്ടാണ് നാല് റൗണ്ട് മത്സരം പൂര്‍ത്തിയായത്. സാരിയില്‍ തുടങ്ങിയ മത്സരം പാശ്ചാത്യവേഷങ്ങളിലേക്കും പിന്നീട് അവസാനറൗണ്ടില്‍ സെറ്റുമുണ്ടിലേക്കും കടന്നു. രണ്ടാം റൗണ്ട് മുതല്‍ ചോദ്യങ്ങളുടെ അകമ്പടിയോടെയായിരുന്നു മത്സരം. 21 സുന്ദരികള്‍ മാറ്റുരച്ച ആദ്യറൗണ്ടില്‍ നിന്നും 14 പേരാണ് രണ്ടാംറൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാംറൗണ്ടില്‍ ഒമ്പത് പേരായി. വിധികര്‍ത്താക്കളുടെ നേരിട്ടുള്ള ചോദ്യങ്ങള്‍ ഇവിടെ മുതല്‍ കഴിവിന്റെ മാറ്റുരയ്ക്കാനുള്ള അളവുകോലായി. നാലാം റൗണ്ടില്‍ അവശേഷിച്ചത് അഞ്ചു പേരാണ്. ആര്‍ത്തിക, ലീന, രഞ്ജിനി, റിനു, ശ്വേത എന്നിവര്‍.

കുഞ്ചാക്കോ ബോബന്‍, സംഗീത ദേശായി, സെബാസ്റ്യന്‍ സക്കറിയ, പി.എം. ഹാരിസ്, ഡോ. ഹരി രവീന്ദ്രനാഥ്, ദിവ്യ പാലാട്ട്, പീയൂഷ് സോണി, അലക്സ് കുരുവിള, ശ്വേത മേനോന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ദിവ ഉണ്ണിയും രാജേഷുമായിരുന്നു അവതാരകര്‍.

സിനിമാതാരം സുരേഷ് ഗോപിയും കഴിഞ്ഞ വര്‍ഷത്തെ മിസ് കേരള സ്വപ്ന മേനോനും ചേര്‍ന്നാണ് സൗന്ദര്യറാണിയെ കിരീടമണിയിച്ചത്. ഫസ്റ് റണ്ണര്‍ അപ്പിനെ കഴിഞ്ഞ വര്‍ഷത്തെ ഫസ്റ് റണ്ണര്‍ അപ്പ് മെലഡിയും സെക്കന്റ് റണ്ണര്‍ അപ്പിനെ കഴിഞ്ഞ വര്‍ഷത്തെ സെക്കന്റ് റണ്ണര്‍ അപ്പ് സംഗീത സെബാസ്റ്യനും കിരീടമണിയിച്ചു.

പീയൂഷ് സോണി, പ്രീതി-പിങ്കി സിസ്റേഴ്സ് എന്നിവര്‍ മത്സരവേദിയില്‍ സംഗീതവിരുന്നൊരുക്കി. അനീലിയയുടെയും സംഘത്തിന്റെയും നൃത്തവും ഉണ്ടായിരുന്നു. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള മിസ് കേരള ഫൗണ്ടേഷന്റെ ഉദ്ഘാടനം എം.ടി.വി. ചീഫ് അലക്സ് കുരുവിള നിര്‍വഹിച്ചു.

ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയിലൂടെയാണ് മത്സരത്തില്‍ പങ്കെടുത്തവരും കാണികളും വേദിയായ മരടിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയത്. പ്രതിഷേധക്കാരെ നേരിടാന്‍ കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. പ്രതിഷേധവുമായെത്തിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ സമാധാനപരമായി അറസ്റു വരിച്ചു.

അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും സംസ്ഥാന വൈസ് പ്രസിഡണ്ട് മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്, സ്റുഡന്റ്സ് ഇസ്ലാമിക ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) എന്നീ സംഘടനകളും കണ്‍വന്‍ഷന്‍ സെന്ററിനു മുന്നില്‍ ധര്‍ണ നടത്തി. മിസ് കേരള ബാനര്‍ അണിയിച്ച എരുമയുമായാണ് എസ്.ഐ.ഒ. ധര്‍ണക്കെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X