തിരുവനന്തപുരത്ത് മാലിന്യ സംസ്കരണ ശാല തുടങ്ങി
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ മാലിന്യ സംസ്കരണ ഫാക്ടറി തിരുവനന്തപുരത്തിനടുത്തുള്ള വിളപ്പില്‍ശാലയില്‍ ജുലൈ 24 തിങ്കളാഴ്ച മുഖ്യമന്ത്രി ഇ കെ നായനാര്‍ ഉദ്ഘാടനം ചെയ്തു. ദിവസം 300 ടണ്‍ മാലിന്യം കൈകാര്യം ചെയ്യാനുള്ള ശേഷി ഈ ഫാക്ടറിക്കുണ്ട്.
ഒമ്പത് കോടി രൂപ മുതല്‍മുടക്കുള്ള ഈ ഫാക്ടറിയില്‍ അന്തരീക്ഷ, ജല മലിനീകരണം കുറയ്ക്കാനുള്ള എല്ലാ ആധുനിക സജ്ജീകരണങ്ങളുമുണ്ട്. 1.20,000 ചതുരശ്ര അടി സ്ഥലത്താണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
നഗരത്തില്‍ ഇത് വരെ ഉപയോഗിച്ചിരുന്ന അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തില്‍ നിന്ന് വിഭിന്നമായി ശാസ്ത്രീയമായ രീതികളാണ് ഇവിടെ ഉപയോഗിക്കുക. വിളപ്പില്‍ശാലയിലെ ഈ ഫാക്ടറി പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ട്. അതു കൊണ്ട് പദ്ധതിക്ക് തുടക്കത്തില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു.
എന്നാല്‍ ഈ സംയുക്ത സംരംഭത്തിലെ ഒരു പങ്കാളിയായ പോബ്സണ്‍സ് ഗ്രൂപ്പ് ഈ ഫാക്ടറി മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. ദില്ലി, മൈസൂര്‍, വിജയവാഡ, കല്‍കട്ട എന്നീ സ്ഥലങ്ങളില്‍ നിന്ന് വിഭിന്നമായി ഇവിടെ ആസ്ബസ്റ്റോസാണ് മേല്‍ക്കൂരയായി ഉപയോഗിച്ചിരിക്കുന്നത്. ഇത് കാരണം ചെലവ് 5.5 കോടി രൂപയില്‍ നിന്നും ഒമ്പത് കോടി രൂപയായി ഉയര്‍ന്നു എന്ന് മേയര്‍ ശിവന്‍കുട്ടി പറഞ്ഞു.
ഭോപ്പാലിലുള്ള എക്സല്‍ ഇന്‍ഡസ്ട്രീസാണ് മാലിന്യസംസ്കരണ സാങ്കേതിക വിദ്യ കൈമാറുന്നത്. തിരുവല്ലയിലുള്ള പോബ്സണ്‍സ് ഗ്രൂപ്പായിരിക്കും പദ്ധതി നടപ്പില്‍ വരുത്തുക. കരാര്‍ പ്രകാരം ഫാക്ടറിയുടെ നിര്‍മ്മാണ ചെലവ് മുഴുവനും പോബ്സണ്‍സ് ഗ്രൂപ്പ് വഹിക്കും.
നഗരസഭ ദിവസേന 350 ടണ്‍ മാലിന്യം ഫാക്ടറിക്ക് നല്‍കും. ഉല്‍പാദിപ്പിക്കപ്പെടുന്ന കമ്പോസ്റിന്റെ വില്‍പനനിരക്കില്‍ രണ്ട് ശതമാനം നഗരസഭയ്ക്ക് റോയല്‍റ്റിയായി ലഭിക്കു ം. വാര്‍ഷിക പാട്ടനിരക്കായി ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്തിന് ഒരു രൂപ വച്ചും നഗരസഭയ്ക്ക് കിട്ടും.
എന്നാല്‍ നഗരസഭയ്ക്ക് കരാര്‍ പ്രകാരമുള്ള 350 ടണ്‍ മാലിന്യം എത്തിച്ചുകൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിഴ അടയ്ക്കേണ്ടി വരും. 17,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ഒരു ദിവസത്തെ പിഴ.
ഇപ്പോഴുള്ള 12.5 ഏക്കര്‍ സ്ഥലത്തിന് പുറമെ സമീപത്തുള്ള 17 ഏക്കര്‍ സ്ഥലം കൂടി ഫാക്ടറിയുടെ വികസനത്തിനായി കണ്ടുവച്ചിട്ടുണ്ട്. നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനായി 250 പേരെ കൂടി നിയമിക്കും.
ഫാക്ടറിയുടെ പ്രവര്‍ത്തനം കളക്ടര്‍ ചെയര്‍മാനായുള്ള ഒരു കമ്മറ്റി നിരീക്ഷിക്കും. മാലിന്യം നിക്ഷേപിക്കുന്നതിനായി ഏകദേശം 300 ഓളം കണ്ടെയിനറുകള്‍ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. നഗരത്തില്‍ ഗതാഗത കുരുക്കുകളുണ്ടാവാതിരിക്കാന്‍ നഗരസഭയുടെ ശുചീകരണ വാഹനങ്ങളുടെ സമയം ക്രമീകരിക്കും.
ഫാക്ടറിയില്‍ നിന്നുള്ള ജൈവവളം കര്‍ഷകര്‍ക്ക് ലഭ്യമാക്കും. സെല്‍റിച്ച് എന്ന പേരില്‍ എക്സല്‍ വിപണിയിലിറക്കുന്ന ജൈവവളത്തിന്റെ 50 കിലോ പാക്കറ്റിന് 300 രൂപയാണ് വില.
1984 വരെ നഗരത്തിലെ മാലിന്യങ്ങള്‍ വള്ളക്കടവിനടുത്തുള്ള സ്ഥലത്താണ് നിക്ഷേപിച്ചിരുന്നത്. എന്നാല്‍ തിരുവനന്തപുരം എയര്‍പ്പോര്‍ട്ട് വികസന അതോറിട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നിര്‍ത്തലാക്കി. മാലിന്യ കൂമ്പാരത്തില്‍ ഭക്ഷണത്തിനായി വരുന്ന പക്ഷികളിടിച്ച് 30 ഓളം വിമാനങ്ങള്‍ക്ക് കേട് പാടുകള്‍ സംഭവിച്ചിരുന്നു.
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി 1994 ല്‍ വിളപ്പില്‍ശാലയില്‍ 12 ഏക്കര്‍ സ്ഥലം നഗരസഭ തിരഞ്ഞെടുത്തു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിയില്‍ വമ്പിച്ച മാറ്റം വരുത്തി. പരിസ്ഥിതി പ്രശ്നങ്ങള്‍ ഏറ്റവും കുറഞ്ഞ ശാസ്ത്രിയ അടിത്തറയുള്ള ഒരു ജൈവവള നിര്‍മ്മാണ ഫാക്ടറിയാക്കി മാറ്റുകയും ചെയ്തു.












Click it and Unblock the Notifications