സി.പി.എമ്മുമായി നീക്കുപോക്കിനില്ലെന്ന് കുഞ്ഞാലികുട്ടി
തിരുവനന്തപുരം: സി.പി.എമ്മുമായി മുസ്ലിം ലീഗിന് യാതൊരു ബന്ധത്തിനും തയ്യാറല്ലെന്നും ലീഗ് യു.ഡി.എഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മുമായി ബന്ധം സ്ഥാപിക്കുന്നതിനായുള്ള എല്ലാ ചര്‍ച്ചകളും അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ലീഗിന് ബോധ്യമായിരിക്കുന്നുവെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗുമായി പ്രാദേശികതലത്തില്‍ നീക്കുപോക്കുകള്‍ നടത്താനുള്ള സി.പി.എം നേതൃത്വത്തിന്റെ തീരുമാനത്തെ അദ്ദേഹം നിരാകരിച്ചു.
പിണറായി വിജയന്‍ പറഞ്ഞത് സി.പി.എമ്മിന്റെ നിലപാടാണ്. അതിന് ഞങ്ങളുടെ നിലപാടുമായി ബന്ധമില്ല. ഒരു പാര്‍ട്ടിക്ക് ദേശീയതലത്തിലും സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും വ്യത്യസ്ത നിലപാടെടുക്കാനാവില്ല. മുസ്ലിംലീഗിന് ദേശീയതലത്തിലായാലും സംസ്ഥാനതലത്തിലായാലും പ്രാദേശികലതത്തിലായാലും ഒരേ നയമാണുള്ളത്. സി.പി.എം മുസ്ലിംലീഗുള്‍പ്പെടെയുള്ള ചില പാര്‍ട്ടികളുമായി പ്രാദേശികതലത്തില്‍ നീക്കുപോക്ക് നടത്തുമെന്ന പിണറായി വിജയന്റെ പ്രസ്താവന തന്ത്രപരമാണ്.
സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കു വേണ്ടി ചില പ്രശ്നങ്ങളില്‍ ലീഗ് സി.പി.എമ്മിനൊപ്പം നില്‍ക്കും. പക്ഷേ അതിനര്‍ഥം ലീഗ് സി.പി.എമ്മുമായി രാഷ്ട്രീയസഖ്യത്തിലേര്‍പ്പെടും എന്നില്ല.
കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ധാരണക്കുള്ള ശ്രമമുണ്ടെന്ന് ലീഗ് കരുതുന്നില്ലെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. അത്തരമൊരു സഖ്യമുണ്ടാവുകയാണെങ്കില്‍ അതിനെ ലീഗ് ഒരിക്കലും അംഗീകരിക്കില്ല.












Click it and Unblock the Notifications