കാലവര്‍ഷം ചതിച്ചു ; കേരളം വരളും
കൊച്ചി: കാലവര്‍ഷം തകര്‍ത്തുപെയ്യേണ്ട കര്‍ക്കടകമാസത്തിലും കേരളത്തില്‍ വേണ്ടത്ര മഴ ലഭിക്കുന്നില്ല.തുലാവര്‍ഷവും കൂടി അനുഗ്രഹിച്ചെങ്കില്‍ കേരളം കടുത്ത വരള്‍ച്ചയെ നേരിടേണ്ടിവരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ നില തുടര്‍ന്നാല്‍ കേരളം കടുത്ത വൈദ്യുതക്ഷാമവും നേരിടേണ്ടി വരും.
ജൂണ്‍ ഒന്നിനു തന്നെ കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയെങ്കിലും ഇതുവരെ സംസ്ഥാനത്തൊരിടത്തും കഴിഞ്ഞ വര്‍ഷത്തെയത്ര പോലും മഴ പെയ്തിട്ടില്ല. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 24 വരെ സാധാരണ ലഭിക്കേണ്ട 131.3 സെന്റി മീറ്ററിനു പകരം ഈ വര്‍ഷം 97.1 സെന്റി മീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്തു ലഭിച്ചത്.
ജൂണ്‍ മാസത്തില്‍ ഏതാണ്ട് സാധാരണപോലെത്തന്നെ മഴ ലഭിച്ചെങ്കിലും ജൂലൈയോടുകൂടി കാലവര്‍ഷം തീര്‍ത്തും അപ്രത്യക്ഷമായി. ജൂണ്‍ മാസത്തില്‍ സാധാരണ ലഭിക്കാറുള്ള 64 സെന്റിമീറ്ററിനെ അപേക്ഷിച്ച് 57 സെന്റി മീറ്റര്‍ മഴ ഇക്കുറി ലഭിച്ചു. എന്നാല്‍ ഇവതന്നെ വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും ഒരേപോലെ ലഭിച്ചതുമില്ല.
മഴയുടെ കുറവ് കേരളത്തിലെ നെല്‍ക്കൃഷിയെയും റബറിനെയും സാരമായി ബാധിച്ചു. നെല്ലിന്റെ വിരിപ്പ് കൃഷിക്കായി പാടങ്ങളിലേക്ക് കയറ്റിവിടാനുള്ള വെള്ളം പോലും കുട്ടനാട്ടില്‍ പലയിടത്തുമില്ല. മഴക്കുറവു മൂലം റബറിന്റെ കറ കുറഞ്ഞു വരുന്നു. ഏലം, കാപ്പി, കുരുമുളക്, തെങ്ങ് എന്നീ കൃഷിയെയും മഴയുടെ കുറവ് ബാധിച്ചിട്ടുണ്ട്.
ഇവയ്ക്കു പുറമെയാണ് കുടിവെള്ള ദൗര്‍ലഭ്യവും ഉഷ്ണവും. മഴ പോയ് മറഞ്ഞതോടെ കിണറുകളും വറ്റിവരണ്ടു. കര്‍ക്കടകമാസത്തില്‍ കേരളത്തില്‍ അനുഭവപ്പെടുന്ന ചൂട് 33 ഡിഗ്രിയാണ്. കര്‍ക്കടകത്തിന്റെ രണ്ടാം പാതിയിലെങ്കിലും ആവശ്യമായ മഴ ലഭിച്ചില്ലെങ്കില്‍ ഈ വര്‍ഷത്തെ ഓണം പോലും ഉഷ്ണത്തിലമരുമോ എന്ന ആശങ്കയിലാണ് മലയാളികള്‍.












Click it and Unblock the Notifications