ലീഗ് ബന്ധം: സി. പി. എമ്മില്‍ ഭിന്നത രൂക്ഷം
തിരുവനന്തപുരം: മുസ്ലിം ലീഗുമായി പ്രാദേശിക തലത്തില്‍ സഖ്യമുണ്ടാക്കണമെന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് മാര്‍ക്സിസ്റ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമായി.
ദേശാഭിമാനിയിലെഴുതുന്ന പ്രതിവാരക്കുറിപ്പില്‍ മുഖ്യമന്ത്രി നായനാര്‍ പിണറായി വിജയന്‍ മുന്നോട്ടുവെച്ച ഈ നിര്‍ദ്ദേശത്തെ ശക്തമായി ന്യായീകരിച്ചു. ഇടതുമുന്നണി കണ്‍വീനര്‍ വി. എസ്. അച്യുതാനന്ദന്റെ നിലപാടിന് കടകവിരുദ്ധമാണിത്. പ്ലസ് ടു സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സും ബി. ജെ. പി.യും കൈകോര്‍ക്കാന്‍ നടത്തുന്ന ഗൂഢനീക്കത്തിനെതിരെ ലീഗുമായിമാത്രമല്ല കേരളാകോണ്‍ഗ്രസ്(എം) ഉള്‍പ്പടെ ഐക്യമുന്നണിയിലെ മറ്റു കക്ഷികളുമായും സഖ്യമാകാമെന്നാണ് നായനാര്‍ മുന്നോട്ടുവക്കുന്ന വാദം.
അതേസമയം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ വര്‍ഗ്ഗീയ കക്ഷികളുമായി ഒരുവിധ സഖ്യവും പാടില്ല എന്നു തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ വി. എസ്. പറഞ്ഞു. പോളിറ്റ് ബ്യൂറോയുടെ ഈ തീരുമാനത്തെ മറികടക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഈ അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തില്‍ ജൂലൈ 27 വ്യാഴാഴ്ച ദില്ലിയില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം നിര്‍ണ്ണായകമാകും.












Click it and Unblock the Notifications