കരുണാകരന്റെ പ്രസ്താവനകളോട് പ്രതികരിക്കേണ്ടെന്ന് മറ്റു വിഭാഗങ്ങള്‍
കൊച്ചി: കെ. കരുണാകരന്റെ പ്രകോപനപരമായ പ്രസ്താവനകളോട് പ്രതികരിക്കേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിലെ കരുണാകരവിരുദ്ധരുടെ യോഗം തീരുമാനിച്ചു. എ.കെ. ആന്റണിയുടെയും വയലാര്‍ രവിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു യോഗം. പ്രതികരിക്കാതിരുന്നാല്‍ ഏകപക്ഷീയമായ പ്രസ്താവനകള്‍ കരുണാകരന്‍ നിര്‍ത്തിക്കൊള്ളുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
എറണാകുളം ഗസ്റ് ഹൗസില്‍ വെച്ചാണ് എ.കെ. ആന്റണി മൂന്നും നാലും ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മൂന്നാം ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തല എം.പി., കെ.പി.സി.സി ജോയിന്റ് സെക്രട്ടറി എന്‍. വേണുഗോപാല്‍, രവി ഗ്രൂപ്പ് പ്രതിനിധി അജയ് തറയില്‍, എ ഗ്രൂപ്പ് നേതാവും എം.എല്‍.എയുമായ കെ. മുഹമ്മദാലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗം രണ്ട് മണിക്കൂറോളം നീണ്ടു.
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പോലെയുള്ള ഗ്രൂപ്പിസം ഇപ്പോള്‍ പാര്‍ട്ടിയിലില്ലെന്ന് എ.കെ. ആന്റണി പിന്നീട് പത്രലേഖകരോട് പറഞ്ഞു. സമാധാനപരമായ സഹവര്‍ത്തിത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രകോപനപരമായ പ്രസ്താവനകളോട് ഒരു കാരണവശാലും പ്രതികരിക്കില്ല. കോണ്‍ഗ്രസിന്റെ പഴയകാലം ഓര്‍ക്കാത്തവരാണ് ഇപ്പോള്‍ ഗ്രൂപ്പിസം രൂക്ഷമാണെന്ന് പറയുന്നതം. തെരുവില്‍ പോര്‍വിളി മുഴക്കി ഏറ്റുമുട്ടിയ കാലമൊന്നുമല്ല ഇത്, ആന്റണി പറഞ്ഞു.
ആഗസ്ത് ഒമ്പതിന് ഐ ഗ്രൂപ്പ് തൃശൂരില്‍ റാലി നടത്തുന്നതിനാല്‍ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗികവിഭാഗത്തിന്റെ വിമോചനറാലി അവിടെ നടത്തേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ബാക്കി 13 ജില്ലകളിലും ക്വിറ്റിന്ത്യാ ദിനത്തില്‍ റാലി നടക്കും. തൃശൂരില്‍ ഏഴിനോ എട്ടിനോ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും, ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications