കശ്മീരില്‍ ആറു സൈനികര്‍ വെടിയേറ്റു മരിച്ചു
ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറു ജവാന്മാര് വെടിയേറ്റു മരിച്ചു. ഏഴു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
വിദേശ നുഴഞ്ഞു കയറ്റക്കാര്‍ റോക്കറ്റുകളും ഗ്രനേഡുകളും മറ്റുമായി സൈനിക ക്യാംപ് ആക്രമിക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. അഞ്ച് ജവാന്മാര് സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്.
തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കാശ്മീര്‍ താഴ്വരയില് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം ഉണ്ടാകുന്ന ആദ്യത്തെ ഏറ്റു മുട്ടലാണിത്. ഏകദേശം രണ്ടു മണിക്കൂര്‍ നേരം വെടിവയ്പുണ്ടായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പരിക്കേറ്റവരുടെ കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല. തീവ്രവാദികളെ പിടിക്കാന്‍ സൈന്യം നീക്കമാരംഭിച്ചിട്ടുണ്ട്. ഹിസ്ബുല്‍ മുജാഹിദ്ദീന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് എതിര്‍പ്പുള്ള തീവ്രവാദി വിഭാഗമായിരിക്കാം ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് വൃത്തങ്ങള്‍ സംശയിക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.