ലീഗുമായി ഒരു തരത്തിലും ധാരണയുണ്ടാവില്ലെന്ന് സുര്‍ജിത്
ദില്ലി: അടുത്തുതന്നെ കേരളത്തില്‍ നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സി.പി.എം മുസ്ലിം ലീഗുമായി ധാരണയോ നീക്കുപോക്കോ ഉണ്ടാക്കില്ല. ഞായറാഴ്ച നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത് അറിയിച്ചതാണ് ഇക്കാര്യം.
ലീഗുമായി തത്വത്തില്‍ ധാരണയൊന്നും പാടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശികതലത്തില്‍ ലീഗുമായി ധാരണയാകാമെന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന പാര്‍ട്ടി തലങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഈയവസ്ഥയിലാണ് പാര്‍ടി സെക്രട്ടറിയുടെ വിശദീകരണം.
എന്നാല്‍ മുസ്ലിം ലീഗിലോ മറ്റു കക്ഷികളിലോ ഉള്ളവര്‍ പ്രാദേശികതലത്തില്‍ നീക്കുപോക്കിനായി സി.പി.എമ്മിനെ സമീപിച്ചാല്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് സുര്‍ജിത് പറഞ്ഞു. പിണറായി വിജയന്‍ ഉണ്ടാക്കിയ ആശയക്കുഴപ്പത്തിന് അദ്ദേഹത്തിനെതിരെ നടപടിയൊന്നുമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക തലത്തില്‍ ലീഗുമായി ധാരണയുണ്ടാക്കുമോ എന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് സുര്‍ജിത് പറഞ്ഞു. ചിലപ്പോള്‍ പിണറായിയുടെ നാവ് പിഴച്ചിരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാര്‍ടി നയത്തില്‍ നിന്ന് മാറിപ്പറയുകയും അതിനുശേഷം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്താല്‍ മാത്രമേ നടപടിയും പ്രശ്നം ഉദിക്കുന്നൂള്ളൂ എന്ന് സുര്‍ജിത് പറഞ്ഞു.
പിണറായിയുടെ പ്രസ്താവന സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. താന്‍ പാര്‍ട്ടി നയമാണ് പറഞ്ഞതെന്നും മാധ്യമങ്ങള്‍ ലീഗുമായുള്ള ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ചെയ്തതെന്നുമാണ് പിണറായി കേന്ദ്രനേതൃത്വത്തിന് നല്‍കിയ വിശദീകരണം.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന നീക്കുപോക്കുകളില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഒറ്റക്കെട്ടാണെന്ന് ചടങ്ങില്‍ സംബന്ധിച്ച പ്രകാശ് കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ്-ബി.ജെ.പി. കൂട്ടുകെട്ട് പരാജയപ്പെടുത്തുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ഇതിനായി പ്രാദേശികതലത്തില്‍ ചില കൂട്ടുകെട്ടുകള്‍ വേണ്ടിവരും. ഇക്കാര്യത്തില്‍ മുസ്ലിം ലീഗുമായി ധാരണയുണ്ടാക്കേണ്ടെന്നാണ് പോളിറ്റ് ബ്യൂറോ നല്‍കിയ നിര്‍ദേശം, കാരാട്ട് വിശദീകരിച്ചു.












Click it and Unblock the Notifications