പ്ലസ് ടു നിയമനം പി. എസ്. സി.ക്കു വിട്ടാല്‍ ബഹളം തീരും- പാലൊളി
കൊച്ചി: പ്ലസ് ടു സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം പി. എസ്. സിക്കു വിട്ടാല്‍ ബഹളം വയ്ക്കുന്നവരുടെ ആവേശമെല്ലാം തീരുമെന്ന് തദ്ദേശസ്വയംഭരണമന്ത്രി പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. വിദ്യാഭ്യാസമെന്ന ലക്ഷ്യത്തെക്കാള്‍ സാമ്പത്തിക നേട്ടമാണ് സമരക്കാരെ മുന്നോട്ടുനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം. ഇ. എസ്. എറണാകുളം ജില്ലാക്കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥക്ക് സംവരണത്തിലെ അപാകതകളെക്കാള്‍ മതപണ്ഡിതന്മാരുടെ മുന്‍കാലനിലപാടുകളാണ് കാരണ മായതെന്നും പാലൊളി പറഞ്ഞു.
പ്ലസ് ടു ലഭിക്കുന്നതിലെ സാമ്പത്തികനേട്ടത്തെക്കുറിച്ചല്ലാതെ വിദ്യാഭ്യാസരംഗത്തെ മൗലികപ്രശ്നങ്ങളെപ്പറ്റി ആര്‍ക്കും വേവലാതി ഇല്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജസ്റിസ് കെ. കെ. നരേന്ദ്രന്‍ പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ മുസ്ലിങ്ങള്‍ക്ക് രക്ഷയില്ലെന്ന പാണക്കാട് തങ്ങളുടെ പ്രസ്താവന ശരിയല്ല. ഇതുവരെ രാജ്യം ഭരിച്ച സര്‍ക്കാരുകളൊന്നും ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എം. ഇ. എസ്. ജില്ലാ പ്രസിഡന്റ് എ. എം. അബൂബേക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റിസ് പി. കെ. ഷംസുദ്ദീന്‍, ഡോ. സെബാസ്റ്യന്‍ പോള്‍ എം. എല്‍. എ., സാബു ജോര്‍ജ്ജ് തുടങ്ങിയവരും സംബന്ധിച്ചു.












Click it and Unblock the Notifications