കര്‍ണാടകത്തില്‍ ബന്ദ് സമാധാനപരം
ബാംഗ്ലൂര്‍: കന്നഡ ചലച്ചിത്രതാരം ഡോ. രാജ്കുമാറിനെ വനംകൊള്ളക്കാരന്‍ വീരപ്പന്‍ തട്ടിക്കൊണ്ടു പോയതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തില്‍ നടന്ന ബന്ദ് പൂര്‍ണം. ചിലയിടങ്ങളില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളൊഴിച്ചാല്‍ ബന്ദ് മിക്കവാറും സമാധാനപരമായിരുന്നു.
റോഡ് ഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സിയും പ്രൈവറ്റ് ബസുകളും ഓടിയില്ല. ചില ഇരുചക്രവാഹനങ്ങള്‍ റോഡിലിറങ്ങി. ബന്ദ് തീവണ്ടി ഗതാഗതത്തെ സാരമായി ബാധിച്ചില്ലെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ചെന്നൈ-ബാംഗ്ലൂര്‍ ബൃന്ദാവന്‍ എക്സ്പ്രസ് റദ്ദാക്കി. മാണ്ഡ്യയില്‍ ചില തീവണ്ടികള്‍ കുറെ നേരം തടഞ്ഞിട്ടു.
മൈസൂര്‍, ചാമരാജനഗര്‍ എന്നീ ജില്ലകളില്‍ കുറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു.മിക്കവാറും എല്ലാ ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പ്രതി ഷേധസൂചകമായി ഹൂബ്ലിയില്‍ 16-കാരനായ അന്ധനായ ആണ്‍കുട്ടി സ്കേറ്റിംഗ് നടത്തി. ചിലയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ച 400-ഓളം പേരെ പോലീസ് അറസ്റു ചെയ്തു.
സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും രണ്ടുദിവസം അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഹാജര്‍ നില നന്നേ കുറവായിരുന്നു.
ബുധനാഴ്ചയും സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുല്‍ബര്‍ഗ ജില്ലയില്‍ ബുധനാഴ്ചയും ബന്ദുണ്ടെന്ന് വാര്‍ത്തയുണ്ട്.
നക്കീരന്‍ എഡിറ്റര്‍ ആര്‍. ഗോപാലിനെ സംഭാഷണങ്ങള്‍ക്കായി വീരപ്പന്റെ അടുത്തേക്ക് അയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചതോടെ കര്‍ണാടകത്തിലെ സ്ഥിതിഗതികള്‍ സാധാരണ ഗതിയിലേക്ക് തിരിച്ചുവരുകയാണ്. സംസ്ഥാനത്തുടനീളം ശക്തമായ പോലീസ് വ്യൂഹത്തെ വിന്യസിച്ചിട്ടുണ്ട്.
മാധ്യസ്ഥതക്ക് ചലച്ചിത്രതാരങ്ങള്‍ തയ്യാര്‍
അതിനിടെ രാജ്കുമാറിനെ മോചിപ്പിക്കാനായി വീരപ്പനെ കാണാന്‍ പോകാന്‍ പല ചലച്ചിത്രതാരങ്ങളും സന്നദ്ധത പ്രകടിപ്പിച്ചു. തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ഇതിനൊരുക്കമാണെന്ന് അറിയിച്ചതായി പ്രശസ്ത കന്നഡ ചലച്ചിത്രതാരം അംബരീഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
താനും മാധ്യസ്ഥതക്ക് തയ്യാറാണെന്ന് അംബരീഷ് പറഞ്ഞു. മറ്റൊരു കന്നഡ താരം വിഷ്ണുവര്‍ധനും സംഭാഷണത്തിനായി പോകാന്‍ സന്നദ്ധത പ്രകടപ്പിച്ചിട്ടുണ്ട്. കന്നട നടി ജയപ്രദ എം.പിയും അനുവദിക്കുകയാണെങ്കില്‍ ഈ യത്നം ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ്. രാജ്കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ശബ്ദവേദിയിലെ നായികയാണ് ജയപ്രദ.
ആദ്യറിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications