നക്കീരന്‍ എഡിറ്റര്‍ വീണ്ടും വിരപ്പനുമായി സന്ധിസംഭാഷണത്തിന്
ചെന്നൈ: തമിഴ് മാഗസിന്‍ നക്കീരന്റെ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാല്‍ വീണ്ടും വീരപ്പനുമായി സംഭാഷണത്തിന്. കന്നഡ ചലച്ചിത്രതാരം ഡോ. രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ വീരപ്പനുമായി സംഭാഷണം നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് ഗോപാലിന്റെ പേരാണ്.
ജൂലൈ 31-ന് തിങ്കളാഴ്ച രാത്രി രണ്ടു കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയാണ് ഈ വിവരം പ്രഖ്യാപിച്ചത്. വീരപ്പന്റെ അടുത്തേക്കു പോകേണ്ട പ്രത്യേക ദൂതന്റെ പേര് നിശ്ചയിക്കാന്‍ അനന്ത്കുമാര്‍, വി. ശ്രീനിവാസ പ്രസാദ് എന്നീ മന്ത്രിമാരെയാണ് കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട്ടിലേക്ക് അയച്ചിരുന്നത്.
1990-ല്‍ വീരപ്പനുമായി നടത്തിയ സംഭാഷണം നക്കീരനില്‍ പ്രസിദ്ധീകരിച്ചതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ വീരപ്പനുമായി സംഭാഷണം നടത്താന്‍ ഗോപാലിനെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് ആലോചിച്ചത്. 97-ല്‍ വീരപ്പന്‍ തട്ടിക്കൊണ്ടു പോയ ഒമ്പത് കര്‍ണാടക വനം വകുപ്പുദ്യോഗസ്ഥരെ വിട്ടു കിട്ടാനും ദൂതന്റെ വേഷം വഹിച്ചിരുന്നത് ഗോപാലായിരുന്നു.
ജൂലൈ 30-ന് ഞായറാഴ്ച രാത്രിയാണ് പ്രശസ്ത കന്നഡ ചലച്ചിത്രതാരം ഡോ. രാജ്കുമാറിനെയും മൂന്നു കുടുംബാംഗങ്ങളെയും വീരപ്പനും സംഘവും തട്ടിക്കൊണ്ടു പോയത്. രാജ്കുമാറിന്റെ ഭാര്യ പാര്‍വതമ്മയെയും തട്ടിക്കൊണ്ടു പോയിരുന്നെങ്കിലും പിന്നീട് തന്റെ ആവശ്യങ്ങളടങ്ങിയ ഒരു ഓഡിയോ കാസറ്റുമായി വീരപ്പന്‍ അവരെ മോചിപ്പിച്ചു.
നക്കീരന്‍ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടു
അതേസമയം നക്കീരന്റെ ഒരു റിപ്പോര്‍ട്ടറെ തിങ്കളാഴ്ച രാത്രി തമിഴ്നാട്ടിലെ പേരംബാലൂര്‍ എന്ന സ്ഥലത്തുവെച്ച് ഒരു കൂട്ടമാളുകള്‍ വെട്ടിക്കൊന്നു. 36-കാരനായ ശെല്‍വരാജാണ് അക്രമികളുടെ കത്തിക്കിരയായത്.
ഒരു ഹോട്ടലില്‍ നിന്ന് രാത്രി ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ ശെല്‍വരാജിനെ അഞ്ജാതരായ അക്രമിസംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശെല്‍വരാജ് അന്ത്യശ്വാസം വലിച്ചു.
പേരാംലംബൂരില്‍ നിന്ന് കാറില്‍ അക്രമിസംഘം രക്ഷപ്പെട്ടെങ്കിലും മംഗലമേട് ചെക്ക്പോസ്റില്‍വെച്ച് അവരെ പിടികൂടിയതായി പോലീസ് അറിയിച്ചു.
ആദ്യറിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications