എസ്.എന്‍.ഡി.പി ആഗോളസമ്മേളനം വെള്ളിയാഴ്ച തുടങ്ങും
തിരുവനന്തപുരം: എസ്.എന്‍.ഡി.പിയുടെ രണ്ടാം ആഗോള സമ്മേളനം ആഗസ്ത് നാല് വെള്ളിയാഴ്ച സിംഗപ്പൂരില്‍ ആരംഭിക്കും. സമ്മേളനം നാല് ദിവസം നീണ്ടുനില്‍ക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. വിദ്യാഭ്യാസരംഗത്തും തെരഞ്ഞെടുപ്പുരംഗത്തും ഈഴവസമുദായത്തിന് അര്‍ഹമായ പരിഗണന കിട്ടാത്തതിനെ കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നോക്കാതെ ഈഴവര്‍ക്ക് വോട്ട് ചെയ്യാന്‍ എല്ലാ യൂണിറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ 1.25 കോടി ഈഴവരുണ്ടെങ്കിലും പഞ്ചായത്ത് ഭരണസമിതികളില്‍ അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ല. 991 പഞ്ചായത്തുകളിലെ 13,255 അംഗങ്ങളില്‍ 1600 പേര് മാത്രമാണ് ഈഴവരായുള്ളത്. ഈഴവ സമുദായത്തിന്റെ ശക്തിയനുസരിച്ച് 4,500 പഞ്ചായത്ത് അംഗങ്ങള്‍ ഈഴവരായിരിക്കേണ്ടതാണ്.
തങ്ങളുടെ ശക്തിയെ കുറിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികളെ ബോധ്യപ്പെടുത്തും. അതിനായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഈഴവരെ ജയിപ്പിക്കാന്‍ ശ്രമിക്കും.
പ്രീഡിഗ്രി കോളേജുകളില്‍ നിന്ന് വേര്‍പ്പെടുത്തുന്നതു മൂലം ഈഴവസമുദായത്തിന് നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് നടേശന് പറഞ്ഞു. നേരത്തെ എസ്.എന്‍.ഡി.പി കോളേജുകളിലെ 10,500 സീറ്റുകളില്‍ എണ്ണായിരത്തോളം സീറ്റുകളും ഈഴവസമുദായത്തിനുള്ളതായിരുന്നു. പ്രീഡിഗ്രി വേര്‍പ്പെടുത്തുന്നതിലൂടെ ഈ സീറ്റുകള്‍ ഈഴവസമുദായത്തിന് നഷ്ടപ്പെടുകയാണ്.












Click it and Unblock the Notifications