പാര്‍ലമെന്‍റില്‍ കേരള എം. പി.മാര്‍ ആവശ്യങ്ങള്‍ നിരത്തി
ദില്ലി: സംസ്ഥാനത്തിന്റ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം. പി.മാര്‍ ആഗസ്ത് മൂന്ന് വ്യാഴാഴ്ച ലോക്സഭയില്‍ ശബ്ദമുയര്‍ത്തി.
കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്ന 11-ാം ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചുകൂട്ടണമെന്ന് ഏ. സി. ജോസ്(കോണ്‍- ഐ) ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ പ്രശ്നമുന്നയിച്ച അദ്ദേഹം 10-ാം ധനകാര്യ കമ്മീഷനെ അപേക്ഷിച്ച് ഇക്കുറി കേന്ദ്ര വിഹിതത്തില്‍ 17 ശതമാനത്തിന്റെ കുറവ് വന്നപ്പോള്‍ഓരോ കേരളീയനും 500 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, മാനവശേഷി വികസനം എന്നീ മേഖലകളില്‍ കേരളം കൈവരിച്ച പുരോഗതിക്ക് ഇപ്പോള്‍ ശിക്ഷ ലഭിച്ചിരിക്കുകയാണെന്നും ജോസ് പറഞ്ഞു. ജോസിനെ പിന്തുണച്ച രമേശ് ചെന്നിത്തല(കോണ്‍- ഐ) കേരളത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു.
ഗള്‍ഫ് യുദ്ധത്തില്‍ നഷ്ടം സംഭവിച്ച കേരളീയര്‍ക്ക് ഐക്യരാഷ്ട്ര സമിതിയില്‍ നിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതില്‍ കേന്ദ്രം അനാസ്ഥ കാണിക്കുകയാണെന്ന് പ്രൊഫ. ഏ. കെ. പ്രേമജം(സി. പി. എം.) ആരോപിച്ചു. ഐക്യരാഷ്ട്ര സമിതി സഹായമനുവദിച്ചിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വിദേശകാര്യ വകുപ്പ് അത് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഇ. അഹമ്മദ്(മുസ്ലിം ലീഗ്) പറഞ്ഞു. എന്‍. എന്‍. കൃഷ്ണദാസ്(സി. പി. എം.), പി. രാജേന്ദ്രന്‍(സി. പി. എം.), വര്‍ക്കല രാധാകൃഷ്ണന്‍(സി. പി. എം.) എന്നിവര്‍ അര്‍ഹരായവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നാവശ്യപ്പെട്ടു.
കശുവണ്ടി തൊഴിലാളികളുടെ പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ്(കോണ്‍- ഐ) ആവശ്യപ്പെട്ടു. ബീഡിത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ഏ. പി. അബ്ദുള്ളക്കുട്ടി(സി. പി. എം.) അഭ്യര്‍ത്ഥിച്ചു.
ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ നല്കിയിരുന്ന 10 ശതമാനം സൗജന്യം പുനഃസ്ഥാപിക്കണമെന്നായിരുന്നു വര്‍ക്കല രാധാകൃഷ്ണന്റെ(സി. പി. എം.) ആവശ്യം.












Click it and Unblock the Notifications