ഗള്‍ഫില്‍ പീഡനം ; ഒമ്പതു യുവതികള്‍ നാട്ടിലെത്തി
തിരുവനന്തപുരം : ഗള്‍ഫിലെ ക്രൂരമായ പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട് ആഗസ്ത് രണ്ട് ബുധനാഴ്ച അവര്‍ നാട്ടിലെത്തി. സമ്പാദ്യമായി ഉടുതുണി മാത്രം. വീട്ടുജോലിക്കായി ഗള്‍ഫിലേക്ക് പോയ ഒമ്പത് സ്ത്രീകളാണ് നടുക്കുന്ന ഓര്‍മ്മകളുമായി തിരിച്ചെത്തിയത്.
അബൂസ ബീവി, മനിത (തിരുവനന്തപുരം) ഉമൈബ, ശോഭ( ആലപ്പുഴ) സരസു(ഓച്ചിറ ), സാലി (ചെങ്ങന്നൂര്‍), റംല (തൃക്കുന്നപ്പുഴ ), ആലീസ്( തൃശൂര്‍ ) എന്നിവരാണ് നാട്ടിലെത്തിയത്.
കഴിഞ്ഞ ഏഴ് മാസമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ കഴിയുകയായിരുന്ന ഇവരെ നാട്ടിലെത്താന്‍ സഹായിച്ചത് എംബസി അധികൃതരും ചലച്ചിത്ര നടി രേവതിയും കുവൈറ്റിലെ ചില വനിതാ സംഘടനകളും ചേര്‍ന്നാണ്.
30,000 രൂപ മുതല്‍ 75,000 രൂപ വരെ ഏജന്റുമാര്‍ക്കു നല്‍കി ഗള്‍ഫില്‍ ജോലിക്കെത്തിയ ഇവരില്‍ പലര്‍ക്കും ശമ്പളം നല്‍കിയിരുന്നില്ല. ചിലര്‍ക്ക് കിട്ടിയ തുച്ഛമായ തുക പോലും എജന്റുമാര്‍ തട്ടിപ്പറിച്ചു.ചിലരുടെ പാസ്പോര്‍ട്ടുകള്‍ സ്പോണ്‍സര്‍മാരും ഏജന്‍റുമാരും ചേര്‍ന്ന് നശിപ്പിച്ചു.
ക്രൂരമായ ശാരീരിക പീഡനത്തിന്റെയും ചതിയുടെയും കഥകളാണ് ഇവര്‍ക്ക് പറയാനുള്ളത്. ദിവസവും കഠിനമായി ജോലി ചെയ്യേണ്ടി വന്ന ഇവര്‍ക്ക് മതിയായ ഭക്ഷണം പോലും നല്‍കിയിരുന്നില്ല. വീട്ടുകാരുമായി ബന്ധപ്പെടാന്‍ ക്രൂരന്മാരായ അറബി സ്പോണ്‍സര്‍മാര്‍ അനുവദിച്ചിരുന്നില്ല.
ക്ഷീണിച്ച് അവശരായാണ് ഇവര്‍ നാട്ടിലെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സാലിയെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിലെ ടാക്സി ഡ്രൈവര്‍മാര്‍ പണം പിരിച്ചെടുത്താണ് ഇവരെ വീടുകളിലെത്താന്‍ സഹായിച്ചത്.












Click it and Unblock the Notifications