രാജ്കുമാറിന്റെ ശബ്ദം അടങ്ങിയ കാസറ്റ് വീരപ്പന്‍ കൊടുത്തയച്ചു
ചെന്നൈ: ബന്ദിയാക്കിയ രാജ്കുമാറിന്റെ ശബ്ദത്തോടു കൂടിയ ഓഡിയോ കാസറ്റ് വനം കൊള്ളക്കാരന്‍ വീരപ്പന്‍ കൊടുത്തയച്ചു. താന്‍ സുരക്ഷിതനാണെന്നും കര്‍ണാടകത്തില്‍ സമാധാനം നിലനിര്‍ത്തണമെന്നുമാണ് രാജ്കുമാര്‍ കാസറ്റില്‍ പറയുന്നത്. വീരപ്പന്റെ ശബ്ദവും കാസറ്റിലുണ്ട്.
വീരപ്പന്റെ ഒരു സഹായിയിലൂടെയാണ് കാസറ്റ് കൊടുത്തയച്ചത്. ആഗസ്ത് മൂന്ന് വ്യാഴാഴ്ച രാത്രിയാണ് കാസറ്റ് ചെന്നൈയിലെത്തിയത്.
താന്‍ ആദ്യകാസറ്റില്‍ നല്‍കിയ വിവരങ്ങള്‍തന്നെയാണ് വീരപ്പന്‍ പുതിയ കാസറ്റിലും ആവര്‍ത്തിച്ചത്. രാജ്കുമാറിനെ മോചിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഇതുവരെയും വീരപ്പന്‍ പുറത്തുവിട്ടിട്ടില്ല. സന്ധിസംഭാഷണത്തിന് പുറപ്പെട്ട നക്കീരന്‍ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാലിനോടേ താന്‍ വ്യവസ്ഥകള്‍ വെളിപ്പെടുത്തൂവെന്ന് വീരപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വീരപ്പനെ കാണാന്‍ പുറപ്പെട്ട ഗോപാല്‍ ഇതുവരെയും നിശ്ചിത സ്ഥലത്ത് എത്തിയില്ലെന്നാണ് കരുതുന്നത്. ഇടക്കിടെയുള്ള മഴ കാരണമാണ് യാത്ര വൈകുന്നതെന്ന് കരുതുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഗോപാല്‍ വീരപ്പനുമായി സന്ധിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications