കോഴിക്കോട് ബസ്സപകടം: മരണം ഒമ്പതായി
കോഴിക്കോട്: വെങ്ങളം റെയില്‍വെ സ്റേഷനടുത്ത് ദേശീയ പാതയില്‍ സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഫെബിനാസ് (15) വെള്ളിയാഴ്ച രാവിലെ മരിച്ചു. ഇതോടെ മരിച്ച സ്ത്രീകളുടെ എണ്ണം ആറായി.
വെങ്ങളം റെയില്‍വെ ഗെയ്റ്റിനും തിരുവങ്ങൂരിനുമിടയില്‍ ആഗസ്ത് മൂന്ന് വ്യാഴാഴ്ച നടന്ന അപകടത്തില്‍ സംഭവസ്ഥലത്തുവച്ചുതന്നെ ഏഴുപേരും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചിരുന്നു.
കോഴിക്കോട് മലാപ്പറമ്പിലെ അഞ്ജലിയില്‍ ബാലകൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ ഇന്ദിര (45), മക്കളായ വിന്ദ്യ (19), ബിജുല്‍ (22), ജീപ്പ് ഡ്രൈവര്‍ എരഞ്ഞിക്കല്‍ ബാപ്പയില്‍ ഷാജി (30), ബസ് ചെക്കര്‍ ചെറുകുളം കൊഴമ്പ്രത്ത് മീത്തല്‍ മൊയ്തീന്‍കോയ (39), കാപ്പാട് എ.വി. ഹൗസില്‍ അബ്ദു റഹിമാന്റെ ഭാര്യ സൈനബ (25), ഊരള്ളൂര്‍ പുത്തന്‍വീട്ടില്‍ വേലായുധന്റെ ഭാര്യ ശാന്ത (45), കാപ്പാട് പണ്ടാരവയല്‍ നഫീസ (42) എന്നിവരാണ് വ്യാഴാഴ്ച തന്നെ മരിച്ചത്.
അപകടത്തില്‍പ്പെട്ട ബാലകൃഷ്ണന്‍ നമ്പ്യാരുടെ കുടുംബം കണ്ണൂരില്‍ ഭാര്യയുടെ അച്ഛന്റെ പുലകുളിയടിയന്തിര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. അവര്‍ സഞ്ചരിച്ചിരുന്ന ജീപ്പില്‍ കോഴിക്കോട്ടുനിന്ന് ഊരള്ളൂരേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സ് വന്നിടിക്കുകയായിരുന്നു. ബസ് മറ്റൊരു ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
മറികടക്കുമ്പോള്‍ നിയന്ത്രണം വിട്ട ബസ്സ് അടുത്തള്ള മരത്തിലിടിച്ചാണ് ജീപ്പില്‍ ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പാടെ തകര്‍ന്നുപോയി. ഏഴു പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സൈനബ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.












Click it and Unblock the Notifications