കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണസംഭരണികള്‍ പരിസ്ഥിതിപ്രശ്നമുണ്ടാക്കുമെന്ന് ആശങ്ക

  • By Staff
Google Oneindia Malayalam News

കൊച്ചി: ചെല്ലാനം കണ്ടക്കടവില്‍ കൊച്ചി എണ്ണശുദ്ധീകരണ ശാലക്കായി അസംസ്കൃത എണ്ണ സംഭരണികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്ക ഉയര്‍ന്നു.

കണ്ടക്കടവില്‍ സ്ഥാപിക്കുന്ന സംഭരണികളില്‍ നിന്ന് 30 ഇഞ്ച് പൈപ്പിലൂടെ അസംസ്കൃത എണ്ണ അമ്പലമുകളിലെ ശുദ്ധീകരണശാലയിലെത്തിക്കുന്നതിനുള്ള പദ്ധതിക്ക് ആകെ 5000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.

ജനസാന്ദ്രതയേറിയ കണ്ടക്കടവില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മത്സ്യബന്ധനം ഉപജീവനമാക്കിയ തീരദേശവാസികളെ ഇത് ദോഷകരമായി ബാധിക്കുമെന്നും സാധാരണഗതിയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്താണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ചെലവേറിയ ഈ പദ്ധതിയില്‍ നിന്നുണ്ടാകുന്ന തൊഴിലവസരങ്ങള്‍ നൂറില്‍ താഴെ മാത്രമാണെന്നുള്ളതും എതിര്‍പ്പിന് ശക്തി പകരുന്നു.

കണ്ടക്കടവ് തീരത്തുനിന്ന് 12 കിലോമീറ്റര്‍ പടിഞ്ഞാറ് കടലില്‍ വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന സിംഗിള്‍ പോയിന്റ് മൂറിങ് സ്റേഷന്‍ സ്ഥാപിച്ച് അവിടെനിന്ന് 42 ഇഞ്ച് പൈപ്പിലൂടെ കൊണ്ടുവരുന്ന അസംസ്കൃത എണ്ണ തീരത്ത് 187 ഏക്കറിലായി സ്ഥാപിക്കുന്ന 10 കൂറ്റന്‍ സംഭരണികളില്‍ നിറക്കാനാണ് എണ്ണശുദ്ധീകരണശാലയുടെ പദ്ധതി. ഇത് നടപ്പാക്കിയാല്‍ എണ്ണശുദ്ധീകരണശാലയുടെ പ്രതിവര്‍ഷ സംഭരണശേഷി 75 ലക്ഷത്തില്‍ നിന്ന് 135 ലക്ഷമായി വര്‍ദ്ധിപ്പിക്കാമെന്ന് സാധ്യതാപഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭരണികള്‍ കാരണമുണ്ടാകുന്ന മലിനീകരണം തീരദേശത്തെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നാണ് പ്രധാനവിമര്‍ശനം. എയര്‍പൈപ്പുകളില്‍ കൂടി പുറത്തുവരുന്ന രാസഘടകങ്ങള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. സംഭരണിയില്‍ ചോര്‍ച്ചയുണ്ടായാല്‍ തീരത്തോടു ചേര്‍ന്നുള്ള കായല്‍പരപ്പിലെ മത്സ്യ-സസ്യ സമ്പത്ത് നശിക്കുമെന്നും അവര്‍ ഭയക്കുന്നു.

കടലിലെ മൂറിങ് സ്റേഷന്‍ കടലിലെ മത്സ്യസമ്പത്തിനും ഭീഷണിയാകും.1,45,000 ടണ്‍ വരെ കേവുഭാരമുള്ള സൂയസ് മാക്സ് ടാങ്കറുകള്‍ക്ക് നങ്കൂരമിടാന്‍ പാകത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ ദീര്‍ഘവൃത്താകൃതിയിലാണ് സ്റേഷന്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X