രാജ്കുമാര്‍ പ്രശ്നം: കേരളത്തില്‍ പച്ചക്കറിക്കു വില കൂടുന്നു
കൊച്ചി: കന്നഡ ചലച്ചിത്ര താരം രാജ്കുമാറിനെ വീരപ്പന്‍ ബന്ദിയാക്കിയത് കേരളത്തില്‍ പച്ചക്കറിയുടെ വില കൂട്ടുന്നു.തമിഴ് നാട്ടിലും കര്‍ണാടകയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അവിടങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതാണ് ഇതിനു കാരണം.
സംസ്ഥാനത്തിന്റെ കച്ചവട തലസ്ഥാനമായ കൊച്ചിയില്‍ പച്ചക്കറിക്കു തീ വിലയാണ്. സംസ്ഥാനത്തിനു പുറത്തു നിന്നും എത്തുന്ന പച്ചക്കറികള്‍ക്ക് 50 മുതല്‍ 75 ശതമാനം വരെ വിലയുയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ നിന്നുമാണ് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു പച്ചക്കറി നീങ്ങുന്നത്.
ദിവസവും 10-15 ലോറി പച്ചക്കറികള്‍ എത്തിക്കൊണ്ടിരുന്ന എറണാകുളത്തെ പ്രധാന വിപണിയില്‍ വ്യാഴാഴ്ച എത്തിയത് ആറു ലോറി മാത്രമായിരുന്നു. തമിഴ്നാട്ടിലെ പൊള്ളാച്ചി, സേലം, നാഗര്‍കോവില്‍,കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകത്തിലെ മംഗലാപുരത്തു നിന്നുമാണ് കേരളത്തിലേയ്ക്കു പ്രധാനമായും പച്ചക്കറി എത്തുന്നത്.
എന്നാല്‍ രാജ്കുമാര്‍ പ്രശ്നം തുടങ്ങിയതോടെ എല്ലായിടത്തും നിന്നുള്ള പച്ചക്കറി യുടെ വരവ് കുറഞ്ഞിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം ആഭ്യന്തര പച്ചക്കറി വിപണിയിലുമുണ്ട്. നാടന്‍ പച്ചക്കറികളുടെ വിലയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
ആഭ്യന്തര ഉത്പാദനം വളരെ കുറയുന്നതാണ് പച്ചക്കറിക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടില്‍ കേരളത്തെ എത്തിച്ചിരിക്കുന്നത്.എങ്കിലും തമിഴ് നാട്ടിലെയും കര്‍ണാടകത്തിലെയും പച്ചക്കറികള്‍ വിപണിയില്‍ സജീവമാകുമ്പോള്‍ നാടന്‍ പച്ചക്കറിക്കു വിലയില്ലാത്ത അവസ്ഥയുമുണ്ട്.
പച്ചക്കറിക്കു വിലയുയര്‍ന്നതോടെ സ്വാഭാവികമായും മീനിന്റെ ഉപയോഗം വര്‍ദ്ധിച്ചു. എന്നാല്‍ മീന്‍ വിലയും താങ്ങാനാവാത്ത രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. വിപണിയില്‍ മീന്‍ ആവശ്യത്തിനു ലഭ്യവുമല്ല.കര്‍ണാടകത്തിലെ മംഗലാപുരത്തു നിന്നാണ് കേരള വിപണിയില്‍ മീന്‍ കൂടുതലായും എത്തുന്നത്.
കര്‍ണാടകയില്‍ തുടര്‍ച്ചയായി ബന്ദും മറ്റു പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നതിനാല്‍ മീനിന്റെ വരവും വളരെ കുറവാണ്.












Click it and Unblock the Notifications