കശ്മീര്‍ കൂട്ടക്കൊല : അന്വേഷണമില്ലെന്ന് അദ്വാനി
ദില്ലി : അമര്‍നാഥ് തീര്‍ത്ഥാടകരെ ഭീകരര്‍ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തില്ലെന്ന് ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി പറഞ്ഞു.
കൊലപാതക പരമ്പരക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന് ലോകത്തിന് മുഴുവന്‍ വ്യക്തമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ കുറ്റവാളിയാക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. അദ്വാനി കുറ്റപ്പെടുത്തി.
ഈയവസരത്തില്‍ ഒരു അന്വേഷണം നടത്തിയാല്‍ നമ്മുടെ സുരക്ഷാവീഴ്ചകള്‍ വ്യക്തമാകാന്‍ ഇടയുണ്ട്. ഇത് പാകിസ്ഥാന്റെ നടപടികളെ ന്യായീകരിക്കലാകുമെന്ന് അദ്വാനി പറഞ്ഞു.
കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും ജുഡീഷ്യല്‍ അന്വേഷണം വേണ്ട എന്ന നിലപാടിലാണെന്ന് അദ്വാനി വെളിപ്പെടുത്തി. അന്വേഷണം കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനിടയുണ്ടെന്നും അദ്വാനി ചൂണ്ടിക്കാട്ടി.
ജുഡീഷ്യല്‍ അന്വേഷണത്തിന് വേണ്ടി ശക്തമായി ആവശ്യപ്പെട്ടത് മുഖ്യമായും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളുമാണ്. ഇതിനെ ചൊല്ലിയുള്ള ബഹളത്തില്‍ പാര്‍ലമെന്റിലെ ഇരു സഭകളും നിര്‍ത്തി വയ്ക്കേണ്ടി വന്നു.ആഗസ്ത് ഏഴ് തിങ്കളാഴ്ച അദ്വാനിയുടെ രാജിക്ക് പകരം ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന് കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications