ഹിസ്ബുള്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു
ഇസ്ലാമബാദ്: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജൂലായ് 24ന് പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. കശ്മീരിലെ സമാധാനചര്‍ച്ചകള്‍ക്ക് ഇത് വന്‍തിരിച്ചടിയായി.
കശ്മീരില്‍ സമാധാനം കൈവരുത്താനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയതായി വെടിനിര്‍ത്തല്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ ഹിസ്ബുള്‍ നേതാവ് സലാഹുദ്ദീന്‍ പറഞ്ഞു.
പാകിസ്ഥാനെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതിനാലാണ് ഹിസ്ബുള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പിന്‍വലിച്ചത്. തങ്ങളുടെ ആവശ്യത്തിന് ആഗസ്ത് എട്ടിന് മുമ്പായി അനുകൂല മറുപടിയുണ്ടാവണമെന്നായിരുന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഉപാധി വെച്ചിരുന്നത്. സമയപരിധി കഴിഞ്ഞതിനാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പിന്‍വലിക്കുകയാണെന്ന് സലാഹുദ്ദീന്‍ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും കശ്മീരികളും ചേര്‍ന്നുള്ള ത്രികക്ഷി ചര്‍ച്ച വേണമെന്നായിരുന്നു ഹിസ്ബുളിന്റെ ആവശ്യം. പാക്കിസ്ഥാനുമായി യാതൊരു വിധ ചര്‍ച്ചയും നടത്താന്‍ ഇന്ത്യ ഒരുക്കമല്ലെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വാജ്പേയി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications