പ്രശ്നങ്ങള്‍ ഒരാള്‍ക്ക് പരിഹരിക്കാനാവില്ലെന്ന് ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ സംഘടനാ പ്രശ്നങ്ങള്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ മാത്രം തീരുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി.
ഒന്നോ രണ്ടോ പേര്‍ വിചാരിച്ചാല്‍ തീരുന്ന പ്രശ്നങ്ങളായിരുന്നു കോണ്‍ഗ്രസ്സിലുള്ളതെങ്കില്‍ എന്നേ ഇതിനൊക്കെ പരിഹാരമാകുമായിരുന്നു. ഞാന്‍ മാത്രം വിചാരിച്ചതുകൊണ്ട് ഇതിനൊരു പരിഹാരമാവുകയില്ല. മറിച്ച് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസമന്വയം ഉണ്ടാക്കിയാല്‍ മാത്രമേ സംഘടനക്കുള്ളിലെ പ്രശ്നത്തിന് പരിഹാരമാകൂ, തിരുവനന്തപുരം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ ആന്റണി പറഞ്ഞു.
തൃശൂരില്‍ നടന്ന യുവജനസംഗമത്തിന്റെ പശ്ചാത്തലത്തില്‍ താനും കരുണാകരനും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകില്ലെന്ന് ആന്റണി വ്യക്തമാക്കി. ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പൊതുശത്രുവിനെ നേരിടാന്‍ ഞങ്ങള്‍ ഒന്നിക്കും.തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സി.പി.എമ്മും ഒഴികെയുള്ള ഏതു കക്ഷിയുമായും കൂട്ടുകൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതു സംബന്ധിച്ച തീരുമാനം ആഗസ്ത് 14-ന് നടക്കുന്ന യു.ഡി.എഫ് യോഗം കൈക്കൊള്ളും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണമാറ്റം എന്തായാലും ഉണ്ടാകും. അതിന്റെ പ്രതിഫലനം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കാണാനാകും.












Click it and Unblock the Notifications