തമിഴ്നാട് സര്‍ക്കാര്‍ തീവ്രവാദികളെ മോചിപ്പിക്കും
ചെന്നൈ: വനംകൊള്ളക്കാരന്‍ വീരപ്പന്‍ ആവശ്യപ്പെട്ട പ്രകാരം അഞ്ചു തീവ്രവാദികളെ വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്നാട് ലിബറേഷന്‍ ആര്‍മി, തമിഴ് നാഷണല്‍ റിട്രീവല്‍ ട്രൂപ്പ്സ് എന്നീ സംഘടനകളിലെ അംഗങ്ങളെയാണ് സര്‍ക്കാര്‍ മോചിപ്പിക്കുകയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി പറഞ്ഞു.
കന്നഡ ചലച്ചിത്രതാരം രാജ്കുമാറിനെയും മറ്റു ബന്ദികളെയും മോചിപ്പിക്കാന്‍ വീരപ്പന്‍ മുന്നോട്ടു വെച്ച ഉപാധികളിലൊന്നായിരുന്നു ഈ തീവ്രവാദികളുടെ മോചനം.
തീവ്രവാദികളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും രാജ്കുമാറിനെ വീരപ്പന്‍ വിട്ടുതരുമ്പോള്‍ മാത്രമേ അവരെ കൈമാറൂ എന്ന് കരുണാനിധി വ്യക്തമാക്കി. മോചനത്തിനുശേഷം തീവ്രവാദികളെ കാട്ടിലേക്ക് പോകാന്‍ അനുവദിക്കും. എന്നാല്‍ ഏതൊക്കെ തീവ്രവാദികളെയാണ് മോചിപ്പിക്കുന്നതെന്ന് വ്യക്തമാക്കാന്‍ കരുണാനിധി വിസമ്മതിച്ചു.
രാജ്കുമാറിന്റെ തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തമിഴ് തീവ്രവാദി സംഘടനകളാണെന്ന നിഗമനം ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന് കരുണാനിധി ചൂണ്ടിക്കാട്ടി. തമിഴ്നാട് ലിബറേഷന്‍ ആര്‍മിയും തമിഴ് നാഷണല്‍ റിട്രിവല്‍ ട്രൂപ്പ്സുമാണ് വീരപ്പന്റെ പിന്നിലെന്ന് കരുതേണ്ടിയിരിക്കുന്നു.
ആദ്യം ഉന്നയിച്ച 10 ആവശ്യങ്ങള്‍ക്കു പുറമെ നാലു ഉപാധികള്‍ കൂടി വീരപ്പന്‍ വെള്ളിയാഴ്ച മുന്നോട്ടു വെച്ചിരുന്നു. കാവേരി പ്രശ്നം അന്തര്‍ദ്ദേശീയ കോടതിക്ക് വിടുക, തമിഴ്നാട്ടില്‍ പത്താം ക്ലാസ് വരെ തമിഴ്ഭാഷ നിര്‍ബന്ധമാക്കുക, പോലീസ് അന്വേഷണത്തിനിടയില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, തീവ്രവാദികളെ മോചിപ്പിക്കുക എന്നിവയാണ് പുതിയ ഉപാധികള്‍.
സ്കൂളുകളില്‍ തമിഴ് ഭാഷ നിര്‍ബന്ധമാക്കുന്നതും ആലോചിക്കാമെന്ന് കരുണാനിധി പറഞ്ഞു. എന്നാല്‍ കാവേരി പ്രശ്നം അന്തര്‍ദ്ദേശീയ കോടതിക്ക് വിടാന്‍ സാധ്യമല്ല. തമിഴ്ഭാഷ നിര്‍ബന്ധമാക്കുന്നതും നഷ്ടപരിഹാരം നല്‍കുന്നതും സംബന്ധിച്ച് ഒട്ടേറെ നിയമപ്രശ്നങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം വീണ്ടു ംകാട്ടില്‍ ചെല്ലുന്ന നക്കീരന്‍ ഗോപാല്‍ വീരപ്പനെ അറിയിക്കുമെന്നും കരുണാനിധി വ്യക്തമാക്കി.












Click it and Unblock the Notifications