കശ്മീര്‍:സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണം-നായനാര്‍
തിരുവനന്തപുരം:കാശ്മീര്‍ പ്രശ്നത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം ആരായണമെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍. സംസ്ഥാനങ്ങളുടെ അഭിപ്രായ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടതെന്നും നായനാര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേശീയോദ്ഗ്രഥന കൗണ്‍സിലിന്റെ യോഗം പെട്ടെന്നു കൂടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടന്ന സ്വാതന്ത്യ്രദിനാഘോഷങ്ങളില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീര്‍ കാര്യത്തില്‍ വിദേശരാഷ്ട്രങ്ങളുടെ കൈയിലെ ചട്ടുകമായ തീവ്രവാദ സംഘടനകളുടെ സഹായം തേടുന്നത് ശരിയല്ല- ഹിസ്ബുള്‍ മുജാഹിദ്ദീനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയതിനെ പരാമര്‍ശിച്ച് നായനാര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകലിലൂടെയും മറ്റും വനംകൊളളക്കാരും തീവ്രവാദികളും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കുന്നതിനെയുംനായനാര്‍ വിമര്‍ശിച്ചു.
90രാജ്യത്തെ ഭരണാധികാരികള്‍ തന്നെ ദേശീയോദ്ഗ്രഥനത്തിനും മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാവുന്നത് അടിയന്തിരാവസ്ഥക്കാലത്തെ കറുത്തദിനങ്ങളാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യമേഖലക്ക് കൈമാറുന്ന കേന്ദ്രസര്‍ക്കാര്‍ വികസിത രാജ്യങ്ങളുടെ കൈയിലെ കരുക്കളായിരിക്കുകയാണ്. ഇപ്പോള്‍ രാജ്യത്തെ സ്വകാര്യമേഖല പോലും ഭീഷണി നേരിടുകയാണ്- നായനാര്‍ പറഞ്ഞു.
വികസനകാര്യത്തില്‍ കേരളത്തെ മാതൃകയാക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ച സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് മുഖ്യമന്ത്രി അവ വിതരണം ചെയ്തു. നാലു കുട്ടികള്‍ക്ക് ലഭിച്ച ജീവന്‍ രക്ഷാപതക്കും മുഖ്യമന്ത്രി ചടങ്ങില്‍ സമ്മാനിച്ചു.












Click it and Unblock the Notifications