ഐ.എന്‍.എല്‍ ഇടതുമുന്നണിയ്ക്കൊപ്പം
കോഴിക്കോട്: സപ്തംബറില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് ഇടതുമുന്നണിയെ പിന്തുണയ്ക്കും. ഇടതുമുന്നണിയുമായും അവരെ സഹായിക്കുന്ന കക്ഷികളുമായും സഹകരിക്കാമെന്ന ് ആഗസ്ത് 16 ബുധനാഴ്ച ചേര്‍ന്ന ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
ബി.ജെ.പി യുടെ നേതൃത്വത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന നീക്കങ്ങളെ ചെറുക്കുന്നതിലും പ്രാദേശിക വികസനത്തില്‍ കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലും ഇടതുമുന്നണി കൂടുതല്‍ കാര്യക്ഷമത പുലര്‍ത്തുന്ന പശ്ചാത്തലത്തിലാണ് അവരുമായി സഹകരിക്കാനുള്ള തീരുമാനമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി. എം. എ. സലാം പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
എല്‍.ഡി. എഫി നെ സഹായിക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് അഖിലേന്ത്യാ പ്രസിഡണ്ട് ഇബ്രാഹിം സുലൈമാന്‍ സേഠ് അംഗീകാരം നല്‍കിയിട്ടുണ്ട്.
എല്‍. ഡി. എഫു മായി സീറ്റ് ധാരണ മാത്രമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ ധാരണ പഞ്ചായത്തു തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ്. ഇപ്പോള്‍ നടന്നു വരുന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇടതുമുന്നണി ഐ. എന്‍. എല്ലിനു വേണ്ടി നീക്കി വയ്ക്കുന്ന സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ഐ. എന്‍. എല്‍ തീരുമാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഐ.എന്‍. എല്ലിന്റെ വോട്ട് ഇടതുമുന്നണിക്കായിരിക്കുമെന്ന തീരുമാനത്തിനു മാറ്റമുണ്ടാവില്ലെന്നും ഐ. എന്‍. എല്‍ ഭാരവാഹികള്‍ വ്യക്തമാക്കി.