'കൈരളി'യുടെ ഡയറക്ടറല്ലെന്ന് മോഹന്‍ലാല്‍
തിരുവനന്തപുരം: 'കൈരളി' ചാനലിന്റെ ഓഹരിയെടുത്തിട്ടുണ്ടെന്നല്ലാതെ ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ താന്‍ ഇപ്പോള്‍ അംഗമല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ചാനലിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമാവണോ എന്നതിനെക്കുറിച്ച് താന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ചാനലിന്റെ പ്രവര്‍ത്തനരീതിയനുസരിച്ചായിരിക്കും അതേ കുറിച്ച് തീരുമാനിക്കുന്നത്. കൂടുതല്‍ ഓഹരി എടുക്കണോ വേണ്ടയോ എന്നൊക്കെ നിശ്ചയിക്കുന്നത്് ചാനല്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കിക്കണ്ടതിനു ശേഷം മാത്രമായിരിക്കും- മോഹന്‍ലാല്‍ വ്യക്തമാക്കി.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍ 'കൈരളി' ചാനലിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
താന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണെന്നോ അല്ലെന്നോ ഇതുവരെ പറഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇവിടുത്തെ മാധ്യമങ്ങളുണ്ടാക്കിയതാണ്.
എത്ര രൂപയുടെ ഓഹരി എടുത്തിട്ടുണ്ടെന്ന് പറയാന്‍ ലാല്‍ വിസമ്മതിച്ചു. പുതുതായി തുടങ്ങാന്‍ പോകുന്ന 'ഇന്ത്യാവിഷന്‍' ചാനലിന്റെ ഓഹരി താനെടുത്തിട്ടില്ലെന്നും ലാല്‍ പറഞ്ഞു.












Click it and Unblock the Notifications