Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനെതിരെ ലീഗ്

കോഴിക്കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കെ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ തുടരുന്ന ഗ്രൂപ്പിസത്തെ മുസ്ലിം ലീഗ് രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് യു.ഡി.എഫിനെ തകര്‍ക്കുന്ന തരത്തിലുള്ള കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടത്തിനെതിരെ മുസ്ലിം ലീഗ് മുന്നറിയിപ്പ് നല്‍കിയത്.

യു.ഡി.എഫിനെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വീഴ്ച വന്നതായി വിലയിരുത്തിയ യോഗം മുസ്ലിം ലീഗ് ഇപ്പോള്‍ ഐക്യമുന്നണിയില്‍ തുടരുമെന്ന് വ്യക്തമാക്കി.

'ലീഗ് ഇപ്പോള്‍ യു.ഡി.എഫിലാണ്. നാളെ മുന്നണിയിലുണ്ടാകുമോ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ തല്‍ക്കാലം പ്രസക്തമല്ല. പ്രതികരിക്കേണ്ട ഘട്ടത്തില്‍ ഞങ്ങള്‍ പ്രതികരിക്കാം', യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജി പറഞ്ഞു.

'ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ക്ക് ലീഗ് ഉത്തരവാദിയായിരിക്കുകയില്ല' എന്നും മുസ്ലിം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിന് താക്കീത് നല്‍കി. പാര്‍ട്ടി നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കടുത്ത നിലപാടുകള്‍ എടുക്കുന്നതിന്റെ സൂചനയായാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.

ആഗസ്ത് 16 ബുധനാഴ്ച വൈകീട്ട് കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ കോണ്‍ഗ്രസ്സിനും ചില നേതാക്കള്‍ക്കും എതിരെ നിശിതവിമര്‍ശനമുയര്‍ന്നെങ്കിലും പത്രസമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ പേര് പറയാതെയാണ് വിമര്‍ശനം ഉന്നയിച്ചത്.

പ്രസിദ്ധീകരണത്തിന് നല്‍കിയ ഔദ്യോഗിക പ്രമേയത്തിലും ഇക്കാര്യം വരാതിരിക്കാന്‍ ലീഗ് നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തിന് ലീഗ് ഉത്തരവാദിയല്ല എന്നു പറയുമ്പോഴും ലീഗ് യു.ഡി.എഫില്‍ തന്നെ തുടരുമെന്ന് ആണയിടുന്നുണ്ട് ഔദ്യോഗിക പ്രമേയം.

ഔദ്യോഗിക പ്രമേയം

''യു.ഡി.എഫിന്റെ പ്രമുഖ ഘടകകക്ഷി എന്ന നിലയില്‍ ലീഗ് മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിലും മുന്നണിയെ ശക്തിപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിച്ചുവന്ന പാര്‍ട്ടിയാണ്. എന്നാല്‍ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി നടത്തിക്കൊണ്ടുപോകുന്നതില്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തെത്തിയ വേളയിലും വേണ്ടത്ര കാര്യക്ഷമത ഇതുവരെ കാണിക്കുന്നില്ല. ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റിന് ഇക്കാര്യത്തില്‍ അസംതൃപ്തിയും ഉത്കണ്ഠയും ഉണ്ട്. വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇതുമൂലം ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ക്ക് ലീഗ് ഉത്തരവാദിയായിരിക്കുകയില്ല എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+