കോണ്‍ഗ്രസ് ഒന്നിച്ചുനില്‍ക്കുമെന്ന് ആന്റണി
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി പറഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് യു.ഡി.എഫിന്റെ പ്രകടനത്തെ ബാധിക്കുകയാണെങ്കില്‍ അതിന് ലീഗ് ഉത്തരവാദിയായിരിക്കില്ലെന്ന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ പ്രസ്താവനയില്‍ തെറ്റൊന്നുമില്ലെന്ന് ആന്റണി പറഞ്ഞു. യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമേ കൊരമ്പയിലിന്റെ പ്രസ്താവനയിലുള്ളൂ. എന്തൊക്കെയായാലും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരൊറ്റ കക്ഷിയായി പ്രവര്‍ത്തിക്കും.
കോണ്‍ഗ്രസില്‍ എന്നും ഗ്രൂപ്പിസമുണ്ടായിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് പോലെ പ്രധാനസംഭവങ്ങളില്‍ എല്ലാവരും യോജിച്ചുപ്രവര്‍ത്തിക്കാറുമുണ്ടെന്ന് ആന്റണി പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടക്കകത്ത് ചില പ്രശ്നങ്ങളുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പാര്‍ട്ടി ഹൈക്കമാന്റ് ഇക്കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്തും.
യൂത്ത് കോണ്‍ഗ്രസ് പുന:സംഘടിപ്പിക്കണമെന്ന കെ.കരുണാകരന്റെ ആവശ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications