നാലു വയസ്സുകാരനെ ബലി കൊടുത്തു
ബറൈലി: മകന്‍ ജനിക്കാന്‍ വേണ്ടി ഉത്തര്‍പ്രദേശില്‍ നാലു വയസ്സുകാരനെ ബലി കൊടുത്തു. ബറേലി ജില്ലയിലെ റൂംപുര ബുസുര്‍ഗ് ഗ്രാമത്തിലാണ് ഈ നീചകൃത്യം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളുള്‍പ്പെടെ അഞ്ചുപേരെ അറസ്റു ചെയ്തിട്ടുണ്ടെന്ന് ബറൈലി എസ്.പി. ഗുലാബ് സിംഗ് പറഞ്ഞു.
നാലു പെണ്‍മക്കളുള്ള നരേഷ്പാല്‍ എന്നയാളാണ് മകനുവേണ്ടി അയല്‍വാസിയുടെ മകനെ കുരുതി കൊടുത്തത്. ഒരു ആണ്‍കുട്ടിയെ ബലി കൊടുത്താല്‍ മാത്രമേ മകന്‍ ലഭിക്കുകയുള്ളൂ എന്ന് ഒരു മന്ത്രവാദി ഉപദേശിച്ചതിനെത്തുടര്‍ന്നാണ് നരേഷ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ആഗസ്ത് 15-ന് ചൊവാഴ്ച നരേഷും കുറെ ബന്ധുക്കളും കൂടി അയല്‍വാസിയായ നാന്‍ഹെലാലിന്റെ മകന്‍ ആകാശിനെ മിഠായി കാണിച്ച് തട്ടിക്കൊണ്ടുപോയി. പിന്നീട് കുട്ടിയുടെ തലയറുത്തു മാറ്റിയ ശേഷം ഉടല്‍ ഒരു കുളത്തില്‍ വലിച്ചെറിഞ്ഞു. തല കുഴിച്ചിടുകയും ചെയ്തു.
കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് നാന്‍ഹെലാല്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് നടന്ന അനേഷണത്തില്‍ കുളത്തില്‍ പൊങ്ങിക്കിടക്കുന്ന ആകാശിന്റെ തലയില്ലാത്ത ജഡം കണ്ടുകിട്ടി. നരേഷിനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതിനുശേഷമാണ് കുരുതിയുടെ കഥ പുറത്തുവന്നത്.












Click it and Unblock the Notifications