കേന്ദ്ര സര്‍ക്കാരില്‍ സേനയ്ക്ക് അതൃപ്തി
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാന സഖ്യകക്ഷിയായ ശിവസേനയ്ക്ക് കടുത്ത അതൃപ്തി. മറ്റൊരുവഴിയും കാണാത്തതു കൊണ്ടു മാത്രം സര്‍ക്കാരിനെ പിന്തുണയ്ക്കേണ്ട ഗതികേടിലാണ് ശിവസേനയെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പാര്‍ലമെന്റംഗവുമായ ആനന്ദ് ഗുദെ ' ഇന്ത്യാ ഇന്‍ഫോ' യോട ് പറഞ്ഞു.
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സാമ്പത്തിക നയങ്ങളെയും മറ്റും ശിവസേന എതിര്‍ക്കുന്നു. കശ്മീര്‍ പ്രശ്നം കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ സര്‍ക്കാരിന്റെ പല തീരുമാനങ്ങള്‍ക്കും ശിവസേനയുടെ പിന്തുണയില്ലെന്ന് സേനാ നേതാവ് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ ഡിസ് ഇന്‍വെസ്റ്റ്മെന്റ് പദ്ധതിയെ തന്റെ പാര്‍ട്ടി തുറന്നെതിര്‍ക്കുന്നതായി ആനന്ദ് ഗുദെ വ്യക്തമാക്കി. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് സര്‍ക്കാര്‍ വിറ്റഴിക്കുന്നത്. ഇതില്‍ നിന്നും സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവും സര്‍ക്കാരിനില്ല- ഗുദെ ആരോപിച്ചു.
വിദേശകുത്തകകള്‍ ഇന്ത്യയില്‍ സ്വാധീനമുറപ്പിക്കുന്നതിനെയും ഗുദെ ശക്തമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ കഴിവുകേടു കൊണ്ടാണ് ഇതു സംഭവിക്കുന്നത്. വിദേശ കുത്തകകളോട് കടുപ്പിച്ച് പെരുമാറാന്‍ സര്‍ക്കാരിനാവുന്നില്ല.
കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ പ്രശ്നം കൈകാര്യം ചെയ്ത രീതിയെയും സേന വിമര്‍ശിക്കുന്നുണ്ട്. കശ്മീരില്‍ പൊലീസിനെ പിന്‍വലിച്ച് ക്രമസമാധാന പാലനത്തിന് പട്ടാളത്തെ ഇറക്കണമെന്ന സേനാതലവന്‍ ബാല്‍ താക്കറെയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.പ്രശ്നം പരിഹരിക്കാന്‍ ഇതു മാത്രമാണ് പോംവഴി- ഗുദെ പറഞ്ഞു.
സര്‍ക്കാരിന്റെ പോക്കില്‍ കടുത്ത അതൃപ്തിയുണ്ടെങ്കിലും ശിവസേനയുടെ പിന്തുണ തുടരും. ഉടന്‍ ഒരു തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ മാത്രമാണിത്. അടുത്തു തന്നെ തെരഞ്ഞെടുപ്പുണ്ടായാലും കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യതയില്ല. ബി. ജെ. പി നേതൃത്വം നല്‍കുന്ന കൂട്ടു കക്ഷി സര്‍ക്കാരായിരിക്കും ഇനിയും വരാന്‍ പോകുന്നത്. അതിനാല്‍ ഇപ്പോഴുള്ള സംവിധാനം തുടരട്ടെയെന്നു സേന കരുതുകയാണ്.
ശിവസേനയ്ക്കു ലോകസഭയില്‍ 15 അംഗങ്ങളുണ്ട്. ദേശീയ ജനാധിപത്യ സഖ്യത്തിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് സേന. സേനയുടെ എതിര്‍പ്പ് പല കാര്യങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സാധ്യതയില്ല.












Click it and Unblock the Notifications