വിപണിയില്‍ മാവേലിക്കാസറ്റുകള്‍ക്ക് പൂക്കാലം
കൊച്ചി: ഓണം വരവായതോടെ വിപണിയില്‍ മാവേലിക്കാസറ്റുകള്‍ക്ക് വീണ്ടും പൂക്കാലം. എട്ടോളം മിമിക്രി കാസറ്റുകളാണ് ഓണം പ്രമാണിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഓണപ്പാട്ടുകളെയും മറ്റും പിന്തള്ളി നര്‍മ്മം വിതറുന്ന മാവേലിക്കാസറ്റുകള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.
ഓണക്കാസറ്റ്വിപണിയില്‍ കടുത്ത മത്സരം തുടങ്ങിയിട്ട് നാളേറെയായി. ഓണപ്പാട്ടുകളെക്കാള്‍ പാരഡി- മിമിക്സ് കാസറ്റ് നിര്‍മ്മാതാക്കളാണ് യുദ്ധരംഗത്തുള്ളത്. കഴിഞ്ഞ വര്‍ഷം ഇരുപതോളം കാസറ്റുകളാണ് വില്പനക്കെത്തിയത് .
കാലികപ്രസക്തമായ വിഷയങ്ങള്‍ക്കു നേരെ നര്‍മ്മത്തില്‍ പൊതിഞ്ഞ രൂക്ഷവിമര്‍ശനമെയ്യുമ്പോള്‍ മിമിക്രിക്കാര്‍ ആളും പാര്‍ട്ടിയുമൊന്നും നോക്കാറില്ല. ആനുകാലികങ്ങളായ സാമൂഹ്യപ്രശ്നങ്ങളിന്‍മേല്‍ ശക്തമായി പ്രതികരിക്കുന്നത് ഇവര്‍ മാത്രമാണെന്ന ചിന്താഗതിക്ക് ഇപ്പോള്‍ ശക്തിയേറി വരുന്നു. ക്രിക്കറ്റ് കോഴ, പ്ലസ് ടു, ഗ്രൂപ്പ് രാഷ്ട്രീയം, കീറിയ നോട്ടുകള്‍, മെഗാസീരിയല്‍ ഭ്രാന്ത് തുടങ്ങിയവിഷയങ്ങളൊക്കെ ഇക്കുറി കാസറ്റുകളില്‍ നിറഞ്ഞുനില്ക്കുന്നു.
സൈമണ്‍ ജെ.നവോദയയുടെ ഓണത്തിനിടക്ക് പുട്ടുകച്ചവടമാണ് പത്താം പതിപ്പുമായി ആദ്യം രംഗത്തെത്തിയത്. ദിലീപ്- നാദിര്‍ഷാ ടീമിന്റെ ദേ മാവേലി കൊമ്പത്ത് പിന്നാലെയെത്തി. എട്ടാം പതിപ്പാണ് ദിലീപും നാദിര്‍ഷായും ചേര്‍ന്ന് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഇതു കൂടാതെയാണ് ചെറു സംഘങ്ങളുടെ കാസറ്റുകള്‍. വിപണിയില്‍ ആരും പിന്തള്ളപ്പെടുന്നില്ല.
കാസറ്റുകളില്‍ സ്ഥിരം മാവേലിയായിരുന്ന ചലച്ചിത്ര നടന്‍ ഇന്നസെന്റ് ഇത്തവണ പുറത്തായി. കുടവയറും തലോടി താറുടുത്ത് ഓലക്കുടയും ചൂടി തൃശ്ശൂര്‍ ഭാഷയുമായി കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കാസറ്റുകളില്‍ ഇന്നസന്റ് നിറഞ്ഞുനില്ക്കുകയായിരുന്നു. എന്നാല്‍ ഇക്കുറി കാസറ്റുകാര്‍ കൈവെച്ചത് വെള്ളിത്തിരയില്‍ കത്തിനില്‍ക്കെ അകാലത്തില്‍ പൊലിഞ്ഞുപോയ ജയനിലാണ്. രാഷ്ട്രീയ നേതാക്കളെയും സിനിമാനടന്മാരെയുമൊക്കെ അവതരിപ്പിച്ച് ശ്രദ്ധേയനായ കോട്ടയം നസീറാണ് ആരും ഇതുവരെ ഈ രീതിയില്‍ കൈവക്കാതിരുന്ന ജയനെ വേദിയിലെത്തിച്ചത്.
ബെല്‍ബോട്ടം പാന്റ്സും ഇറുകിയ വീതിക്കോളര്‍ ഷര്‍ട്ടും പാള ബെല്‍റ്റുമൊക്കെയണിഞ്ഞ് ഹെലിക്കോപ്റ്ററിലാണ് ജയന്‍ മാവേലിയുടെ വരവ്. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍- തടവറയില്‍ നിന്നും പുതിയ വെളിച്ചം തേടി തീനാളങ്ങളിലൂടെ കോളിളക്കം സൃഷ്ടിക്കാന്‍ ഒരു മൂര്‍ഖനായി ഞാന്‍ വന്നു- എല്ലാം ജയന്‍ അഭിനയിച്ച സിനിമകളുടെ പേരുകള്‍.
ജയനെ മാവേലിയാക്കിയ കാസറ്റുകള്‍ പലതുണ്ട്. മോനെ ദിനേശാ ഇതാടാ മാവേലി എന്നാണ് ഒരു കാസറ്റിന്റെ പേര് തന്നെ. മാവേലിയുടെ പതിവ് സന്ദര്‍ശനരീതിയില്‍ നിന്ന് വിഭിന്നമാണ് ജയന്‍ മാവേലിയുടെ യാത്ര. എല്ലാം സഹിച്ച് മൂകസാക്ഷിയായി മടങ്ങുന്ന ഇന്നസെന്റ് മാവേലിയുടെ സ്ഥാനം അഴിമതിയും അനീതിയുമൊക്കെ തച്ചുടക്കാന്‍ വെമ്പുന്ന ജയന്‍ മാവേലി കൈയടക്കിയിരിക്കുന്നു. പതിവ് മാവേലിക്ക് കേരള യാത്ര താല്പര്യമില്ലാതായപ്പോള്‍ വാമനന്റെ പ്രത്യേക ആവശ്യപ്രകാരം സ്വര്‍ഗത്തില്‍ നിന്നും വരുന്ന മാവേലിയാണിത്. അമാനുഷികമോഹങ്ങളാണ് ഈ മാവേലിയെ ജനപ്രിയനാക്കുന്നത്.












Click it and Unblock the Notifications