തോട്ടം തൊഴിലാളി സമ്മേളനം സമാപിച്ചു
കൊച്ചി: കക്ഷിരാഷ്ട്രീയത്തിനും പ്രാദേശികവികാരത്തിനും സംഘടനാവ്യത്യാസങ്ങള്‍ക്കും അതീതമായി എല്ലാ തൊഴിലാളികളും തോട്ടമുടമകളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കൊച്ചിയില്‍ സമാപിച്ച തോട്ടം തൊഴിലാളി യൂണിയനുകളുടെ ദേശീയ ഫെഡറേഷന്‍ സമ്മേളനം ആവശ്യപ്പെട്ടു.
വിവിധ സമരപരിപാടികള്‍ക്കു സമ്മേളനം രൂപം നല്‍കി. ഒക്ടോബര്‍ അവസാനം പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ചേരുന്ന തോട്ടം തൊഴിലാളി നേതാക്കളുടെ ദേശീയ സമ്മേളനം സമരത്തിന് അന്തിമരൂപം നല്‍കും.
തോട്ടവ്യവസായത്തെയും അതില്‍ പണിയെടുക്കുന്ന 45 ലക്ഷത്തിലേറെ വരുന്ന തൊഴിലാളികളെയും കുടുംബങ്ങളെയും തകര്‍ച്ചയിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയമെന്ന് ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.കെ. പാന്ഥെ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ നവംബര്‍ എട്ടിന് രാജ്യമൊട്ടാകെ നവംബര്‍ എട്ടിന് തോട്ടം വ്യവസായ സംരക്ഷണദിനമായി ആചരിക്കുമെന്നും അവര്‍ പറഞ്ഞു.
ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണനയങ്ങളും ഗാട്ട്, ഡബ്ല്യു.ടി.ഒ, സാര്‍ക്ക് കരാറുകളും ഇന്ത്യാ-ശ്രീലങ്ക വ്യാപാര ഉടമ്പടിയുമാണ് തോട്ടം മേഖലയ്ക്ക് ഭീഷണി ഉയര്‍ത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായ എല്ലാ ഉല്പന്നങ്ങളും ഇവിടെത്തന്നെ ഉല്പാദിപ്പിക്കാനാവുമെന്നിരിക്കെയാണ് വിദേശരാജ്യങ്ങളില്‍ നിന്നും തേയിലയും കാപ്പിയും റബറും പാമോയിലും ഏലവുമടക്കമുള്ള തോട്ടം ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കാര്‍ഷികോല്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി കയറ്റുമതിയെ സഹായിക്കുന്ന വിദേശരാജ്യങ്ങളുടെ മാതൃകയാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളേണ്ടിയിരുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സമരത്തിന്റെ അടുത്ത ഘട്ടമായി തൊഴിലാളി യൂണിയന്‍ നേതാക്കളുടെയും തോട്ടം ഉടമ പ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടും. എല്ലാ യൂണിയനുകളുടെയും നേതാക്കന്മാര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കും വകുപ്പ് മന്ത്രിമാര്‍ക്കും നല്‍കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനകാലത്ത് തോട്ടം തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കും.
രണ്ട് ദിവസങ്ങളിലായി കൊച്ചിയില്‍ നടന്ന ദേശീയസമ്മേളനത്തില്‍ എച്ച്.എം.എസ് അഖിലേന്ത്യാ പ്രസിഡന്റ് എ.സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി തമ്പാന്‍ തോമസ്, യു.ടി.യു.സി അഖിലേന്ത്യാ പ്രസിഡന്റ് കെ. പങ്കജാക്ഷന്‍, ജനറല്‍ സെക്രട്ടറി സുനില്‍ രഞ്ജന്‍ദാസ് ഗുപ്ത, എ.ഐ.ടി.യു.സി നേതാവ് ഗുണശേഖരന്‍, ഐ.എന്‍.ടി.യു.സി തമിഴ്നാട് ഘടകം പ്രസിഡന്റ് പി.എല്‍. സുബയ്യ, കേരള ഘടകം പ്രസിഡന്റ് സുരേഷ്ബാബു, സി.ഐ.ടി.യു നേതാക്കന്മാരായ കെ.എന്‍.രവീന്ദ്രനാഥ്, എം.എം. ലോറന്‍സ്, ഉപാസി വൈസ് പ്രസിഡന്റ് ഇ.കെ. ജോസഫ്, അസോസിയേഷന്‍ ഒഫ് പ്ലാന്റേഴ്സ് കേരള വൈസ് പ്രസിഡന്റ് മോഹന്‍ അഞ്ചേരില്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ. ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
ദേശീയതലത്തില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഇന്ത്യന്‍ നാഷണല്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് പി.എ. ജോസഫ്, അഖിലേന്ത്യ പ്ലാന്റേഴ്സ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി. ലാലാജി ബാബു എന്നിവരെ കണ്‍വീനര്‍മാരായി സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.












Click it and Unblock the Notifications