ഇമ്മാനുവല്‍ കോളേജില്‍ ആറു ദിവസം മുണ്ടുടുക്കാം
തിരുവനന്തപുരം: മുണ്ടുടുക്കാനുള്ള അനുമതിക്കായി വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്ന വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ വര്‍ഷത്തിലെ ആറു വിശേഷദിവസങ്ങളില്‍ മുണ്ടുടുക്കാന്‍ അധികൃതര്‍ അനുമതി നല്കി.
ചിങ്ങം ഒന്ന്, തിരുവോണാഘോഷം, കേരളപ്പിറവി, ക്രിസ്മസ്, റംസാന്‍, ജനവരി ഒന്ന് തുടങ്ങിയ ദിവസങ്ങളില്‍ മാത്രമാണ് മുണ്ടുടുത്ത് വരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്കിയിട്ടുള്ളത്. കോളേജില്‍ നടന്ന അദ്ധ്യാപക- രക്ഷാകര്‍തൃ സമിതി യോഗത്തിലാണ് മാനേജ്മെന്റ് പ്രതിനിധികള്‍ ഈ വിവരമറിയിച്ചത്.
എന്നാല്‍ സമരവുമായി മുന്നോട്ടുപോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. കോളേജധികൃതര്‍ മുണ്ടുടുക്കാന്‍ അനുമതി നല്കിയ തിരുവോണം, ക്രിസ്മസ്, റംസാന്‍ ആഘോഷദിവസങ്ങളില്‍ കോളേജവധിയാണെന്ന കാര്യം അവര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗസ്ത് 23 ബുധനാഴ്ച എല്ലാവരും മുണ്ടുടുത്തുവരാന്‍ എസ്.എഫ്.ഐ. ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മാനേജ്മെന്റ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളീയ വേഷം ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത കോളേജധികൃതരുടെ നടപടിയില്‍ സാംസ്കാരികപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സാംസ്കാരിക മൂല്യങ്ങളെ നിഷേധിക്കുന്നത് ഒരു കലാലയാധികൃതര്‍ക്കും ഭൂഷണമല്ലെന്ന് പ്രൊഫ.ഒ.എന്‍.വി.കുറുപ്പ്, ഷാജി എന്‍.കരുണ്‍, ഡോ.നൈനാന്‍ കോശി, നടന്‍ മുരളി, പി.ടി.കുഞ്ഞുമുഹമ്മദ് എം.എല്‍.എ., ലെനിന്‍ രാജേന്ദ്രന്‍, കണിയാപുരം രാമചന്ദ്രന്‍, കെ.ആര്‍.മോഹന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, പഴവിള രമേശന്‍, സുകുമാര്‍, ബാബു ഭരദ്വാജ് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.
മുണ്ടു ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതിനെക്കുറിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.ഇക്ബാല്‍ ഇമ്മാനുവല്‍ കോളേജ് പ്രിന്‍സിപ്പല്‍ സിറിള്‍ പഞ്ഞിക്കാരനോട് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യപ്രകാരമാണിത്.












Click it and Unblock the Notifications